75-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ആർ മാധവന്റെ ‘റോക്കട്രി: ദി നമ്പി ഇഫക്റ്റ്’ ലോക പ്രീമിയര്‍ വിഭാഗത്തിൽ ഏറ്റുവാങ്ങിയത് 10 മിനിറ്റ് നീണ്ട കയ്യടികൾ. നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഒരു ജീവചരിത്ര നാടകമാണ് റോക്കട്രി: ദി നമ്പി ഇഫക്റ്റ്. ആർ മാധവനും ഐഎസ്ആർഒയിലെ പ്രതിഭയും ബഹിരാകാശ ശാസ്ത്രജ്ഞനുമായ നമ്പി നാരായണനും സിനിമയുടെ പ്രദര്‍ശനത്തിന് മുന്നോടിയായി കാൻ ഫിലിം ഫെസ്റ്റിവലിൽ ചുവന്ന പരവതാനിയിലൂടെ നടന്നു.
റോക്കട്രി: ദി നമ്പി ഇഫക്റ്റ്, മേളയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രങ്ങളിലൊന്നായി മാറുകയും ചെയ്തു. കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ മുതൽ സംഗീത ഇതിഹാസം എ ആർ റഹ്മാൻ വരെ ചിത്രത്തെ പ്രശംസിച്ചു. റോക്കട്രി- ദ നമ്പി ഇഫക്ട് എന്ന ബഹുഭാഷാ ചിത്രം കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുമ്പോൾ മലയാളികൾക്ക് അഭിമാനിക്കാൻ ഏറെയുണ്ട്.
ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ പദ്മഭൂഷൻ നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജീവിതം തന്നെ പോരാട്ടമാക്കി, നിയമത്തിനും കാലത്തിനും മുന്നിൽ നിരപരാധിത്തം തെളിയിച്ച നമ്പി നാരായണന്റെ കഥ വെള്ളിത്തിരയിൽ എത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചതിന് പിന്നിലും ഒരു മലയാളിയാണ്. പ്രമുഖ വ്യവസായി വർഗീസ് മൂലന്റെ വർഗീസ് മൂലൻ പിക്ചേഴ്സ് സിനിമയുടെ നിർമാണ പങ്കാളികളാണ്.
സൂപ്പർ താരം ആർ മാധവനാണ് നമ്പി നാരായണനായി വേഷമിടുന്നത്. മാധവൻ തന്നെയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. വർഗീസ് മൂലൻ പിക്ചേഴ്സിനൊപ്പം ആര്. മാധവന്റെ ട്രൈകളർ ഫിലിംസും, ഹോളിവുഡ് പ്രൊഡക്ഷൻ കമ്പനിയായ 27ത് ഇൻവെസ്റ്റ്മെന്റ്സും നിർമാതാക്കളാണ്. നമ്പി നാരായണന്റെ ആത്മകഥയായ ഓർമകളുടെ ഭ്രമണപഥത്തിന്റെ രചയിതാവും, ക്യാപ്റ്റൻ,വെള്ളം സിനിമകളുടെ സംവിധായകനുമായ ജി.പ്രജേഷ് സെൻ ചിത്രത്തിന്റെ കോ ഡയറക്ടറാണ്
എന്നതാണ് മറ്റൊരു മലയാളി ബന്ധം.