തിരുവനന്തപുരം> കേരളത്തിലെ ദുരന്ത നിവാരണ സംവിധാനത്തെ പറ്റി കൂടുതൽ മനസ്സിലാക്കാനും പഠിക്കാനുമായി ഉത്തരാഖണ്ഡ് സർക്കാരിന്റെ പ്രത്യേക പ്രതിനിധി സംഘം കേരളത്തിലെത്തി. ഉത്തരഖണ്ഡ് സർക്കാരിന്റെ ദുരന്ത നിവാരണ വകുപ്പ് അഡീഷണൽ സെക്രട്ടറി ഡോ. ആനന്ദ് ശ്രീവാസ്തവയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണ് മൂന്നു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിൽ എത്തിയത്.
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രവർത്തനങ്ങൾ പഠിക്കുക എന്നതാണ് സന്ദർശനത്തിന്റെ മുഖ്യലക്ഷ്യം. നേരത്തേ കേരളത്തിലെത്തിയിരുന്ന ലോക ബാങ്കിന്റെ വിദഗ്ധ സംഘം ദുരന്ത നിവാരണത്തിലും കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധിക്കാനുള്ള ദീർഘവീക്ഷണത്തോടെയുള്ള സംസ്ഥാനത്തിന്റെ നടപടികളും പ്രകീർത്തിച്ച് കൊണ്ട് ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു.
കേരളത്തിലെ ദുരന്ത നിവാരണ സംവിധാനങ്ങൾ, ദുരന്ത നിവാരണത്തിലെ വികേന്ദ്രീകൃത ആസൂത്രണവും ഇടപെടലുകളും നടത്തുന്ന കേരള മാതൃക, ദുരന്ത ലഘൂകരണ നടപടികൾ തുടങ്ങിയവ മെയ് 23 മുതൽ 25 വരെ 3 ദിവസം നീണ്ടു നിൽക്കുന്ന പരിപാടിയിൽ വിശദമായി ചർച്ചയാകും.