പെരിന്തൽമണ്ണ > പ്രവാസി ദുരൂഹ സാഹചര്യത്തിൽ മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ അഞ്ചുപേർ കസ്റ്റഡിയിലെന്ന് പൊലീസ്. ഇവരിൽ മൂന്നുപേർ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണ്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്നും മലപ്പുറം ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
മരിച്ച അഗളി സ്വദേശി അബ്ദുൽ ജലീലിനെ ആശുപത്രിയിൽ എത്തിച്ച് മുങ്ങിയ യഹിയ പിടിയിലായിട്ടില്ല. ക്രൂര മർദ്ദനമേറ്റ നിലയിൽ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ജലീൽ കഴിഞ്ഞ ദിവസമാണ് മരിച്ചത്. മെയ് 15 ന് നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറങ്ങിയ അബ്ദുൾ ജലീലിനെ നാലു ദിവസത്തിന് ശേഷം ഗുരുതര പരിക്കുകളോടെ ഒരാൾ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചത് മലപ്പുറം സ്വദേശി യഹിയ ആണെന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് കണ്ടെത്തി.
ജിദ്ദയിൽ ഹൗസ് ഡ്രൈവറായി ജോലിചെയ്യുന്ന ജലീൽ 15ന് രാവിലെ 9.45നാണ് നെടുമ്പാശേരിയിൽ വിമാനമിറങ്ങിയത്. സുഹൃത്തിനൊപ്പം പെരിന്തൽമണ്ണയിലേക്ക് എത്താമെന്നും കൂട്ടിക്കൊണ്ടുപോകാൻ വാഹനവുമായി ചെന്നാൽ മതിയെന്നും കുടുംബത്തെ അറിയിച്ചിരുന്നു. ഭാര്യയും ഉമ്മയും അടക്കമുള്ളവർ വാഹനവുമായി മണ്ണാർക്കാട് എത്തിയപ്പോൾ വീട്ടുകാരോട് മടങ്ങിപ്പോകാനും താൻ പെരിന്തൽമണ്ണയിൽ എത്തിയിട്ടുണ്ടെന്നും കുറച്ച് വൈകി വീട്ടിലെത്താമെന്നും അറിയിച്ചു. പിറ്റേന്ന് രാവിലെയായിട്ടും ജലീൽ വീട്ടിലെത്താത്തതിനെ തുടർന്ന് അഗളി പൊലീസിൽ പരാതി നൽകി.
16ന് രാത്രിയാണ് ജലീൽ ഭാര്യയുമായി അവസാനം സംസാരിച്ചത്. അടുത്ത ദിവസം രാവിലെ വിളിക്കാമെന്നും കേസ് കൊടുത്തിട്ടുണ്ടെങ്കിൽ പിൻവലിക്കണമെന്നും ജലീൽ പറഞ്ഞു. പിന്നീട് വിവരങ്ങളൊന്നും ഉണ്ടായില്ല. വ്യാഴാഴ്ച രാവിലെ ഒരു അജ്ഞാതൻ നെറ്റ് കോളിലാണ് ജലീലിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെ കാഷ്വാലിറ്റിയിലെത്തിച്ചിട്ടുണ്ടെന്നും വരാനും പറഞ്ഞത്. തുടര്ന്ന് ഭാര്യയും ബന്ധുക്കളും ആശുപത്രിയിലെത്തിയപ്പോഴാണ് ജലീലിനെ കാണുന്നത്.