കോഴിക്കോട്> മോഡലും അഭിനേത്രിയുമായ ഷഹനയുടെ മരണത്തില്‍ അന്വേഷണ സംഘം ബന്ധുക്കളുടെ മൊഴിയെടുക്കുന്നു.അന്വേഷണ സംഘത്തലവനായ കോഴിക്കോട് മെഡിക്കല്‍ കോളജ് എസിപി സുദര്‍ശന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുക്കുന്നത്. കാസര്‍കോട് ചെറുവത്തൂരിലെ ഷഹനയുടെ വീട്ടിലെത്തിയാണ് മൊഴിയെടുക്കുന്നത്.
കേസില്‍ ഭര്‍ത്താവ് സജാദിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. മരണം നടന്ന വീട്ടില്‍ ഇന്നലെ സൈന്റിഫിക് വിദഗ്ധരെത്തി തെളിവെടുപ്പ് നടത്തിയിരുന്നു.മുറിയില്‍ നിന്ന് ലഭിച്ച കയര്‍ തൂങ്ങി മരിക്കാന്‍ പര്യാപ്തമെന്നും പൊലീസ് പറഞ്ഞു.
ഫുഡ് ഡെലിവറിയുടെ മറവില്‍ സജാദ് ലഹരി വില്പന നടത്തിയിട്ടുണ്ടെന്നു ബോധ്യമായ പൊലീസ് ഇക്കാര്യവും അന്വേഷിക്കുന്നുണ്ട്. കസ്റ്റഡിയില്‍ കിട്ടാന്‍ ഇന്നലെ അപേക്ഷ സമര്‍പ്പിച്ചിരുന്നു. കൂടാതെ സജാദിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യുന്നുണ്ട്. ഷഹനയുടെ ദേഹത്തെ മുറിവുകള്‍ സജാദ് ഉപദ്രവിച്ചതില്‍ ഉണ്ടായതാണെന്ന് പൊലീസ് പറഞ്ഞു.
മെയ് 13നാണ് കോഴിക്കോട് ചേവായൂരില്‍ നടിയും മോഡലുമായ ഷഹനയുടെ മരണം. രാത്രി പതിനൊന്നേമുക്കാലോടെ സജാദിന്റെ നിലവിളി കേട്ട് അയല്‍വാസികള്‍ ഇവരുടെ വീട്ടിലെത്തുകയായിരുന്നു. സജാദിന്റെ മടിയില്‍ ഷഹന അവശയായി കിടക്കുന്നതാണ് അയല്‍വാസികള്‍ കണ്ടത്.അയല്‍വാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി ഷഹനയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സ്ത്രീപീഡനം (498എ), ആത്മഹത്യാ പ്രേരണ (306), എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. ചേവായൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്.