വെള്ളൂര്‍> കെപിപിഎല്ലിന്റെ ഉദ്ഘാടനത്തോടെ വെള്ളൂര്‍ പുതിയ കുതിപ്പിന് സജ്ജമായതായി മന്ത്രി പി രാജീവ്. അസാധാരണമായ പുനരുജ്ജീവന ദൗത്യത്തിലൂടെയാണ് കേരള പേപ്പര്‍ പ്രോഡക്ട്സ് ലിമിറ്റഡ് യാഥാര്‍ഥ്യമായത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ ഫലമാണിത്. കെപിപിഎല്‍ പ്രവര്‍ത്തനോദ്ഘാടന ചടങ്ങില്‍ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു മന്ത്രി.
കെപിപിഎല്‍ ഉദ്ഘാടന വാര്‍ത്തയറിഞ്ഞ് കഥാകൃത്ത് ടി പത്മനാഭന് വിളിച്ചിരുന്നു. ‘ഇതൊരു കമ്പനിയുടെ പിറവിയല്ല, നാടിന്റെ വീണ്ടെടുപ്പാണെ’ന്നാണ് അദ്ദേഹം പറഞ്ഞത്. അതിന് കടപ്പെട്ടിരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനോടാണ്. ഇന്ത്യയില്‍ ഒരു മുഖ്യമന്ത്രിയും ഏറ്റെടുക്കാന്‍ ധൈര്യപ്പെടാത്ത ഉത്തരവാദിത്തം ഏറ്റെടുത്ത് അദ്ദേഹം നടപ്പാക്കി. എച്ച്എന്‍എല്‍ നാടിന് നഷ്ടപ്പെടുന്ന സാഹചര്യം വന്നപ്പോള്‍ ലേലത്തിലൂടെ സംസ്ഥാന സര്‍ക്കാര്‍ അതിനെ സ്വന്തമാക്കി. രാജ്യ ചരിത്രത്തില്‍ തന്നെ അത്തരമൊരു നടപടി ആദ്യമായിരുന്നു.
കെപിപിഎല്‍ സ്ഥാപിക്കാനുള്ള നടപടകളിലേക്ക് നീങ്ങിയപ്പോള്‍ മുഖ്യമന്ത്രി ഒന്നേ പറഞ്ഞുള്ളൂ — ‘ഇതൊരു വലിയ തീരുമാനത്തിന്റെ ഭാഗമാണ്. അത് നന്നായി കൊണ്ടുപോകണം’ എന്നായിരുന്നു. ആ ലക്ഷ്യത്തില്‍ തന്നെ നടപടികള്‍ മുന്നോട്ടുനീങ്ങി. മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി. നാല് ഘട്ടമായി പുനരുദ്ധാരണം നടത്താന്‍ പദ്ധതി തയ്യാറാക്കി. നിശ്ചയിച്ചതിലും നേരത്തേ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കി. രണ്ടാംഘട്ടം പുരോഗമിക്കുകയാണ്.പ്രവര്‍ത്തനം ലാഭകരമാകുമ്പോഴാണ് പൊതുമേഖല ബദലായി മാറുന്നത്. പുനരുദ്ധാരണം പൂര്‍ത്തിയാകുമ്പോള്‍ അഞ്ചുലക്ഷം ടണ്‍ ഉല്പാദനശേഷി കെപിപിഎല്ലിനുണ്ടാകും.
പൂര്‍ണമായും പ്രൊഫഷണല്‍ മാനേജ്മെന്റിന്റെ കീഴിലായിരിക്കും കെപിപിഎല്‍ പ്രവര്‍ത്തിക്കുക. പഴയ എച്ച്എന്‍എല്‍ തൊഴിലാളികള്‍ക്ക് കെപിപിഎല്ലില്‍ മുന്‍ഗണന നല്‍കും. കമ്പനികളില്‍ ‘ഓട്ടോമാറ്റിക്’ ആയുള്ള സ്ഥിരപ്പെടുത്തലും പ്രൊമോഷനും ഇനിയുണ്ടാകില്ല. ജോലിയിലെ പ്രകടനവും കഴിവും അടിസ്ഥാനമാക്കിയാകും അത്തരം കാര്യങ്ങള്‍.
കെപിപിഎല്ലിനോട് ചേര്‍ന്ന് തന്നെ ഒരുവര്‍ഷത്തിനകം കേരള റബര്‍ ലിമിറ്റഡും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. കിന്‍ഫ്രയുടെ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കും ഇവിടെ തുടങ്ങുമെന്ന് മന്ത്രി പറഞ്ഞു.