കണ്ണൂർ> കണ്ണൂർ ജില്ലയിൽ തെരഞ്ഞെടുപ്പ് നടന്ന 5 വാർഡുകളിൽ മൂന്നിടത്തും എൽഡിഎഫിന് വൻ വിജയം. യുഡിഎഫും ബിജെപിയും ഓരോ വാർഡ് വീതം നേടി. പയ്യന്നൂർ നഗരസഭയിലെ മുതിയലം, കുറുമാത്തൂർ പഞ്ചായത്തിലെ പുല്ലാഞ്ഞിയൂർ, മുഴുപ്പിലങ്ങാട് പഞ്ചായത്തിലെ തെക്കേ കുന്നുംപുറം വാർഡുകളിലാണ് എൽഡിഎഫ് ജയിച്ചത്.മുതിയലത്ത് സിപിഐ എമ്മിലെ പി ലതയും പുല്ലാഞ്ഞിയോട് വാർഡിൽ എൽഡിഎഫിലെ വി രമ്യയും തെക്കേ കുന്നുംപുറത്ത് എൽഡിഎഫിലെ കെ രമണിയും വിജയിച്ചു.
കണ്ണൂർ കോർപറേഷനിലെ കക്കാട് വാർഡിൽ മുസ്ലിം ലീഗിലെ പി കൗലത്തും മാങ്ങാട്ടിടം പഞ്ചായത്തിലെ നീർവേലിയിൽ ബിജെപിയുടെ ഷിജു ഒറോകണ്ടിയും സീറ്റ് നിലനിർത്തി.
പയ്യന്നൂർ നഗരസഭ ഒമ്പതാം വാർഡ് മുതിയലത്ത് എൽഡിഎഫ് സ്ഥാനാർഥി നേടിയ മിന്നും വിജയം നുണപ്രചാരകർക്കുള്ള മറുപടി. കഴിഞ്ഞ ഏതാനും ആഴ്ചകളായി പയ്യന്നൂർ കേന്ദ്രീകരിച്ച് വലതുപക്ഷ ശക്തികളും ചില മാധ്യമങ്ങളും സിപിഐ എമ്മിനെതിരെ തുടർച്ചയായി നുണപ്രചാരണം നടത്തി വരികയാണ്. ഇത്തരം നുണപ്രചാരണങ്ങൾ പയ്യന്നൂരിന്റെ ചുകന്ന മണ്ണിൽ വിലപ്പോവില്ലെന്ന് തെളിയിക്കുന്നത് കൂടിയാണ് ഈ വിജയം. യുഡിഎഫ്–-ബിജെപി സ്ഥാനാർഥികൾക്ക് കെട്ടിവെച്ച കാശ് പോലും കിട്ടിയില്ല.
828 വോട്ടിന്റെ ഭൂരിപക്ഷമാണ് സിപിഐ എം സ്ഥാനാർഥി പി ലതയ്ക്ക് ലഭിച്ചത്. 2020ൽ നടന്ന തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം 644 വോട്ട് മാത്രമായിരുന്നു. യുഡിഎഫ്, ബിജെപി സ്ഥാനാർഥികൾക്ക് യഥാക്രമം 102, 86 വീതം വോട്ട് മാത്രമാണ് കിട്ടിയത്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വോട്ടിന്റെ ചരിത്ര ഭൂരിപക്ഷത്തിലാണ് ടി ഐ മധുസൂദനന്റെ വിജയം. തിളക്കമാർന്ന വിജയത്തിനു പിറകെയാണ് വിവിധങ്ങളായ ആരോപണങ്ങൾ ഉന്നയിച്ച് പുകമറ സൃഷ്ടിച്ച് എംഎൽഎയെ വ്യക്തിപരമായും പയ്യന്നൂരിലെ പാർട്ടിയെയും പൊതുജന മധ്യത്തിൽ അവഹേളിക്കുന്നതിനും അപമാനിക്കുന്നതിനും ശ്രമം നടന്നു വരുന്നത്. ഇതിനുള്ള മറുപടിയാണ് ജനങ്ങൾ ഉപതെരഞ്ഞെടുപ്പിലൂടെ നൽകിയത്.