തൃശൂർ > മലയാളി സാംസ്കാരികം ചാരിറ്റബിൾ ട്രസ്റ്റ് നൽകുന്ന മലയാളി മുദ്ര പുരസ്കാരം ദേശാഭിമാനി സീനിയർ റിപ്പോർട്ടർ സി പ്രജോഷ് കുമാറിന്. പത്ര–- ദൃശ്യ മാധ്യമ രംഗം ഉൾപ്പെടെ വിവിധ മേഖലയിൽ സമഗ്ര സംഭാവനകൾ നൽകിയവരെയാണ് മലയാളിമുദ്ര നൽകി ആദരിക്കുന്നത്. സിറാജ് കാസിം (മാതൃഭൂമി), ദിനേഷ് കുമാർ (ജന്മഭൂമി), പ്രഭുവാര്യർ (കേരള കൗമുദി), രഞ്ജിത്ത് ബാലൻ (മംഗളം), എ സുബ്രഹ്മണ്യൻ (തുറന്നകത്ത്), എസ് വിജയ കുമാർ (24 ന്യൂസ്), ജിനേഷ് പനമ്പള്ളി (ജനം ടിവി) എന്നിവരാണ് മലയാളി മുദ്രയ്ക്ക് അർഹരായ മറ്റ് മാധ്യമപ്രവർത്തകർ.
21ന് വൈകിട്ട് അഞ്ചിന് കേരള സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ നടക്കുന്ന മലയാളി സാംസ്കാരിക സംഗമത്തിൽ വച്ച് കേരള ഹൈക്കോടതി ജഡ്ജി മേരി ജോസഫ് പുരസ്കാര ജേതാക്കളെ ആദരിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കലാ-സാംസ്കാരികം, സാമൂഹ്യ സേവന രംഗം, അധ്യാപനരംഗം തുടങ്ങിയവയിൽ മികവ് പുലർത്തിയവരേയും ചടങ്ങിൽ ആദരിക്കും.
പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘അബലയ്ക്കൊരു കൈത്താങ്ങ്’ എന്ന സഹായ പദ്ധതിയുടെ ഉദ്ഘാടനം അഡ്വ. രഘുരാമപ്പണിക്കർ നിർവഹിക്കും. മലയാളി സാംസ്കാരികം ചാരിറ്റബിൾ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി വി ഗിരീശൻ അധ്യക്ഷനാകും. സാംസ്കാരിക പരിപാടികളും അരങ്ങേറും. ഡോ. വി ആർ ദയാനന്ദൻ, അഡ്വ. എം ആർ മനോജ്കുമാർ, നിമ്മി ജോൺ, അഡ്വ. വി ഗിരീശൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.