തിരുവനന്തപുരം> കാൽ നൂറ്റാണ്ടുകാലത്തെ പ്രവർത്തനത്തിലൂടെ കേരളത്തിലെ സ്ത്രീകളെ മുഖ്യധാരയിലേക്കുയർത്തിയ കുടുംബശ്രീ പ്രസ്ഥാനം ഭാവി കേരളത്തെ രൂപീകരിക്കുന്നതിൽ ചരിത്രപരമായ പങ്കുവഹിക്കുമെന്ന് തദ്ദേശ മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. കേരളത്തിലെ സ്ത്രീകളെ സാമൂഹ്യവും സാമ്പത്തികവുമായ മുന്നേറ്റം കൈവരിക്കുന്നതിൽ കുടുംബശ്രീ വഹിച്ച പങ്ക് അഭിമാനകരമാണ്. അധികാര സ്ഥാനങ്ങളിലേക്ക് കടന്നു ചെല്ലാൻ പ്രാപ്തമാക്കിയതുൾപ്പെടെ സമൂഹത്തിൽ സ്ത്രീകളുടെ ദൃശ്യപരത വർധിപ്പിക്കാനും സാമൂഹിക പ്രശ്നങ്ങളിൽ അവരുടെ ഇടപെടൽ ശേഷി വളർത്താൻ കഴിഞ്ഞതും സ്ത്രീശാക്തീകരണ വഴികളിലെ ഏറ്റവും ശ്രദ്ധേയമായ നേട്ടമാണ്.
വിവിധ ഉപജീവന അവസരങ്ങൾ, നൈപുണ്യവികസനം, പാർപ്പിടം, അടിസ്ഥാന സൗകര്യങ്ങൾ, ശുദ്ധജന ലഭ്യത എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങൾ നേടിയെടുത്തു കൊണ്ട് പ്രാദേശിക സാമ്പത്തിക വികസനത്തെ ശക്തിപ്പെടുത്തുന്നതിൽ നിർണായക ഭാഗധേയം വഹിക്കുന്ന പ്രസ്ഥാനമായി കുടുംബശ്രീക്ക് മാറി. നിസ്വാർത്ഥമായ പ്രവർത്തനങ്ങളിലൂടെ സമൂഹത്തെ മുമ്പോട്ടു നയിക്കുന്ന ചരിത്രമാണ് കുടുംബശ്രീയുടേത്. അതിനാൽ നവകേരള സൃഷ്ടിയിൽ നിർണായക പങ്കു വഹി പരമാവധി പേർക്ക് തൊഴിൽ ലഭ്യമാക്കുന്നതിനാണ് കുടുംബശ്രീയുടെ പരിശ്രമങ്ങളെന്നും മന്ത്രി പറഞ്ഞു.
കാർഷിക സൂക്ഷ്മസംരംഭ മേഖലയിൽ പരമ്പരാഗതവും നൂതനവുമായ നിരവധി പദ്ധതികൾ നടപ്പാക്കുന്നതു കൂടാതെ കേരളം അഭിമുഖീകരിക്കുന്ന നിരവധി പ്രതിസന്ധിഘട്ടങ്ങളിൽ സമൂഹത്തിന് താങ്ങും തണലുമായി നിൽക്കാനും ഈ സ്ത്രീകൂട്ടായ്മയുണ്ട്. വിവിധ കേന്ദ്ര പദ്ധതികൾ വിജയകരമായി നടപ്പാക്കുന്നതിനൊപ്പം ഇതര സംസ്ഥാനങ്ങളിൽ കുടുംബശ്രീയുടെ സ്ത്രീശാക്തീകരണ ദാരിദ്ര്യ നിർമാർജന മാതൃകകൾ നടപ്പാക്കുന്നതിനുള്ള നാഷണൽ റിസോഴ്സ് ഓർഗനൈസേഷനായും കുടുംബശ്രീ വളർന്നു കഴിഞ്ഞിരിക്കുന്നു.
24 വർഷത്തെ പ്രവർത്തനാനുഭവങ്ങളുടെ കരുത്ത് മൂലധനമാക്കി പുതിയ കാലത്തിന്റെ ആവശ്യങ്ങൾക്കനുസൃതവും കൂടുതൽ സമഗ്രവുമായ വികസന പദ്ധതികൾ നടപ്പാക്കാൻ കുടുംബശ്രീയെ സജ്ജമാക്കുക എന്നതാണ് ഇനിയുള്ള പ്രധാന ലക്ഷ്യം. കെഡിസ്കുമായും വിവിധ വകുപ്പുകളുമായും സഹകരിച്ച് പരമാവധി പേർക്ക് തൊഴിൽ ലഭ്യമാക്കുന്നതിനാണ് കുടുംബശ്രീയുടെ പരിശ്രമങ്ങളെന്നും മന്ത്രി പറഞ്ഞു.