കോട്ടയം> സ്വന്തമായി ബോട്ടുള്ള നിരവധിപ്പേരുണ്ടെങ്കിലും ഒറ്റയ്ക്കൊരു ബോട്ടുണ്ടാക്കി അതിൽ ചുറ്റിനടക്കുന്നവരുണ്ടോ? സംശയമേതുമില്ലാതെ കുമരകംകാർ പറയും ഉണ്ടെന്ന്. സ്വന്തമായി നിർമിച്ച ബോട്ടിലാണ് കുമരകം പൊങ്ങലക്കരി കപ്പടച്ചിറ കെ ഒ ജോസിന്റെ യാത്ര.
ആശാരിപ്പണിക്കാരനായ ജോസ് ഒരുലക്ഷം രൂപയോളം ചെലവഴിച്ചാണ് സ്വന്തമായി ബോട്ട് നിർമിച്ചത്. ഡ്രൈവറെ കൂടാതെ രണ്ടുപേർക്ക് യാത്രചെയ്യാവുന്ന രീതിയിലാണ് നിർമാണം. വെള്ളത്താൽ ചുറ്റപ്പെട്ട സ്ഥലത്ത് വീട്ടാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ ബോട്ടുണ്ടെങ്കിൽ സഹായകരമാകും എന്ന ചിന്തയാണ് സ്വന്തമായി ബോട്ട് നിർമിക്കുന്നതിൽവരെ എത്തിച്ചത്.
കെ ഒ ജോസ് ബോട്ടിന് സമീപം
ബോട്ട് വാങ്ങാൻ ലക്ഷങ്ങൾ വേണ്ടിവരുന്നതിനാൽ സ്വന്തമായി ബോട്ട് നിർമിക്കാൻ മുന്നിട്ടിറങ്ങുകയായിരുന്നു. സുഹൃത്തിനൊപ്പം ബോട്ട് നിർമാണത്തിന് പോയുള്ള മുൻപരിചയമായിരുന്നു ഒറ്റയ്ക്കൊരു ബോട്ട് ഉണ്ടാക്കാനുള്ള കൈമുതൽ. ആഞ്ഞിലിത്തടിയിൽ പ്ലൈവുഡ് അടിച്ച് ബോഡിയുണ്ടാക്കി. മോട്ടോറും സ്റ്റിയറിങ്ങും ഘടിപ്പിച്ചു. അറുപത്തിരണ്ടുകാരനായ ജോസ് നാലുമാസം കൊണ്ടാണ് നിർമാണം പൂർത്തീകരിച്ചത്.
സംഗതി ക്ലിക്കായതോടെ ജോസ് ബോട്ടിന് പേരുമിട്ടു അൻസിക. മകളുടെ കുഞ്ഞിന്റെ പേരാണത്. ചെറിയ ഒഴുക്കിൽ കായലിലൂടെയും, ചെറുതോടുകളിലൂടെയുമെല്ലാം ഈ കുഞ്ഞൻ ബോട്ട് ചീറിപ്പായും. മഴയും വെയിലുമേൽക്കാതെ മൂന്നുപേർക്ക് യാത്ര ചെയ്യാം. ഇപ്പോൾ ഓളപ്പരപ്പിലെ താരങ്ങളാണ് ജോസും ജോസിന്റെ സ്വന്തം ‘അൻസിക’യും. സുഭദ്രയാണ് ജോസിന്റെ ഭാര്യ. ജോസ്ന, ജാേജി എന്നിവർ മക്കൾ.