ആലപ്പുഴ> വ്യാപകമായി കൃഷി ചെയ്ത വടി അരിയുടെ നെല്ലായ ‘ജ്യോതി’ സംഭരിക്കാതെ മില്ലുടമകൾ. നെല്ലെടുക്കണമെങ്കിൽ ഇത് ഉണ്ട അരിയായി രജിസ്റ്റർ ചെയ്യണമെന്ന് മില്ലുടമകൾ ആവശ്യപ്പെടുന്നു. സംഭരണം നിലച്ചതോടെ ക്വിന്റൽകണക്കിന് നെല്ല് പാടശേഖരങ്ങളിൽ കെട്ടിക്കിടന്നു നശിക്കുന്നു. കേന്ദ്രം പ്രഖ്യാപിച്ചിട്ടുള്ള താങ്ങുവിലയ്ക്കു പുറമെ സംസ്ഥാന സർക്കാർ അധിക സബ്സിഡികൂടി നൽകി ന്യായമായ വില ലഭ്യമാക്കുന്ന നെല്ലുസംഭരണമാണ് ഇതോടെ അട്ടിമറിക്കപ്പെടുന്നത്.
ഗോഡൗണുകൾ നിറഞ്ഞുവെന്നതാണ് നെല്ലുസംഭരണത്തിൽ നിന്നു മില്ലുടമകൾ മാറിനിൽക്കാനായി പറയുന്ന മറ്റൊരു കാരണം. മഴയാണ്, ഈർപ്പമാണ് എന്നൊക്കെ പറഞ്ഞ് നെല്ലുസംഭരണത്തിൽനിന്നു മാറിനിൽക്കുന്നത് കൂടുതൽ കിഴിവ് ആവശ്യപ്പെടാനുള്ള തന്ത്രമായാണ് കരുതുന്നത്. വടി അരിയുടെ നെല്ല് സംഭരിച്ചാൽ ആ അരി തന്നെ റേഷൻ കടകളിൽ മില്ലുടമകൾ വിതരണത്തിന് എത്തിക്കണമെന്ന് സർക്കാർ നിർദ്ദേശമുണ്ട്. ജനങ്ങൾക്ക് ഗുണമേന്മയുള്ള അരി ലഭ്യമാക്കാനായിരുന്നു ഇത്. ഏറെ ആവശ്യക്കാരുള്ള വടി അരിയായ ‘ജ്യോതി’ യാണ് മിക്കയിടത്തും കൃഷി ചെയ്തിട്ടുള്ളത്. കഴിഞ്ഞവർഷം വരെ ‘ജ്യോതി’ സംഭരണവിലയിലും കൂടുതൽ നൽകി സംഭരിച്ചിരുന്നു. ഈ അരി ബ്രാൻഡഡ് ഉൽപ്പന്നമാക്കിമാറ്റി കൂടുതൽ വിലയ്ക്കുവിൽക്കുകയും പകരം ഡിമാൻഡ് കുറഞ്ഞ ഉണ്ട അരിയായ ‘ഉമ’ റേഷൻകടകളിൽ നൽകുകയുമായിരുന്നു മില്ലുടമകൾ ചെയ്തിരുന്നത്.
മില്ലുകൾ എടുക്കാത്തതുമൂലം ചെന്നിത്തല, ഹരിപ്പാട്, പള്ളിപ്പാട്, വീയപുരം, മാന്നാർ മേഖലകളിലെ പാടങ്ങളിലെല്ലാം നെല്ല് കെട്ടിക്കിടക്കുകയാണ്. ഇതുമാത്രം നാലായിരം ഏക്കറോളം വരും. ഇതിൽ ചെറുകിട കൃഷിക്കാരും പാട്ടത്തിനെടുത്ത് കൃഷിചെയ്തവരുമുണ്ട്. വായ്പയെടുത്തു കൃഷിചെയ്ത പലരും ആത്മഹത്യയുടെ വക്കിലാണ്. കൊയ്ത്തു കഴിയുമ്പോൾ പാടശേഖരത്തിലെത്തി ഗുണനിലവാരമില്ലെന്ന് പറഞ്ഞ് ഒരു ക്വിന്റൽ നെല്ലിൽ 22 കിലോവരെ കിഴിവാണ് കഴിഞ്ഞ സീസണിൽ മില്ലുകാർ കൃഷിക്കാരിൽനിന്നു തട്ടിയെടുത്തത്. ഇത്തവണ ഇതിനുപുറമെയാണ് പുതിയതരം ചൂഷണങ്ങൾ കർഷകർക്കു നേരിടേണ്ടിവരുന്നത്.