കൊച്ചി > തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വികസനത്തിന്റെ പച്ചക്കൊടി ഉയർത്തുന്നതിനുള്ളതായിരിക്കുമെന്ന് കോൺഗ്രസ് നേതാവ് പ്രൊഫ. കെ വി തോമസ്. പി ടി തോമസിനെ സ്നേഹിക്കുന്നവർ അദ്ദേഹം പറഞ്ഞ കാര്യങ്ങൾ മറന്നുപോയോയെന്നും അദ്ദേഹം ചോദിച്ചു. എൽഡിഎഫ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കൺവൻഷനിൽ സംസാരിക്കുകയായിരുന്നു കെ വി തോമസ്.
വികസനത്തിനൊപ്പം, മുഖ്യമന്ത്രി പിണറായി വിജയനൊപ്പം നിൽക്കുമെന്ന് പറയുന്നതിൽ ബുദ്ധിമുട്ടില്ല. ഗെയിൽ പദ്ധതിയും ദേശീയപാത വികസനവും സാധ്യമാക്കി. പിണറായി എന്ത് വികസനമാണ് നടപ്പാക്കിയതെന്നാണ് ഉമ്മൻചാണ്ടി ചോദിക്കുന്നത്. ഉമ്മൻചാണ്ടിക്ക് ഓർമകുറവുണ്ടെന്ന് തോന്നുന്നില്ല. പാലാരിവട്ടം മേൽപ്പാലം ജനോപകാരപ്രദമാക്കി പുനർനിർമിച്ച് നൽകിയത് പിണറായി സർക്കാരാണ്. ഉമ്മൻചാണ്ടി സർക്കാരിന്റെ അവസാന കാലത്ത് വൈറ്റിലയിൽ കല്ലിട്ടു. തൊട്ടപ്പുറത്തും കല്ലിട്ടു. ഈ കല്ലൊന്നും പാലമായില്ല. ഈ കല്ലുകൾ പാലമാക്കിയത് പിണറായിയുടെ കാലത്താണ്. ഇത് വികസനമല്ലെ. വികസന പദ്ധതികൾ പിണറായിയാണോ കൊണ്ടു വരുന്നത്, എങ്കിൽ എതിർക്കും എന്നാണ് കോൺഗ്രസ് നിലപാട്. ആ സമീപനം ശരിയല്ല.
വിവിധ വികസന പദ്ധതികൾ നടപ്പാക്കിയപ്പോൾ പല പ്രതിസന്ധികളെയും അതിജീവിച്ചാണ്. കൊച്ചി കപ്പൽശാലയ്ക്കായി ഒരു പള്ളിയും 263 വീടുകളും സെമിത്തേരിയും പൊളിച്ചുമാറ്റി. തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിനായും സ്ഥലമേറ്റെടുക്കേണ്ടിവന്നു. മഹാ പ്രളയകാലത്ത് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവും ഒരുമിച്ചാണ് ഹെലികോപ്റ്ററിൽ സ്ഥലങ്ങൾ സന്ദർശിച്ചത്. ഇക്കാര്യത്തിൽ രാഷ്ട്രീയം കാണണ്ടയെന്നായിരുന്നു എ കെ ആന്റണിയുടെ നിലപാട്. വികസന കാര്യത്തിലും അതേ നിലപാട് ഏ കെ ആന്റണി സഹപ്രവർത്തകരെ ഉപദേശിക്കണം. കോവിഡ് കാലത്ത് പൂട്ടിയ മത്സ്യസംസ്കരണ ശാലകൾ തുറക്കാൻ പിണറായിയാണ് മുൻകൈയ്യെടുത്തത്. ഇത് തീരദേശം മറക്കില്ല.
പി ടി തോമസ് അടുത്ത സുഹൃത്താണ്. അച്ഛൻ മരിച്ചാൽ മകന് സീറ്റ്, ഭർത്താവ് മരിച്ചാൽ ഭാര്യയ്ക്ക് സീറ്റ്. അവരാണോ അധികാരത്തിലേക്ക് കടന്ന് വരേണ്ടത് എന്നായിരുന്നു പി ടി തോമസിന്റെ നിലപാട്. ഇക്കാര്യങ്ങൾ കോൺഗ്രസുകാർ മറക്കരുത്. കെ റെയിൽ, കോവിഡ് പ്രതിസന്ധി, എംയിസ് എന്നിവയിൽ യുഡിഎഫിന്റെ 19 എംപിമാരും ചെറുവിരൽ അനക്കിയില്ല. എൽഡിഎഫ് സ്ഥാനാർത്ഥിയെ സഭയ്ക്ക് പരിചയപ്പെടുത്തിയത് ഞാനല്ല. ഡോ. ജോ ജോസഫിന് വോട്ട് അഭ്യർത്ഥിക്കുന്നത് കോൺഗ്രസ് വികാരം ഉൾക്കൊണ്ടാണെന്നും കെ വി തോമസ് പറഞ്ഞു.