പാലക്കാട് > ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് എ ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അഗ്നിരക്ഷാ സേനാംഗം കൊടുവായൂർ നവക്കോട് എപി സ്ട്രീറ്റിൽ ജിഷാദിനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു. ഗുരുതര അച്ചടക്കലംഘനം നടത്തിയെന്നതിന്മേൽ റീജണൽ ഫയർ ഓഫീസർ ജെ എസ് സുജിത്കുമാറാണ് സസ്പെൻഡ്ചെയ്ത് ഉത്തരവിട്ടത്.
മലപ്പുറത്ത് ജോലിചെയ്യുന്ന ഇയാൾ ജോലി വിന്യാസത്തിന്റെ ഭാഗമായി കുറച്ചുനാളായി കോങ്ങാട് സ്റ്റേഷനിലാണ്.
ജിഷാദുമായി അന്വേഷകസംഘം ബുധനാഴ്ച തെളിവെടുത്തു. കൊടുവായൂരിലെ വീട്ടിലും കൊല്ലങ്കോടും എത്തിച്ചായിരുന്നു തെളിവെടുപ്പ്. ശ്രീനിവാസൻ കൊല്ലപ്പെടുംമുമ്പ് കൊലപ്പെടുത്താനുള്ള ആർഎസ്എസ് പ്രവർത്തകരുടെ ലിസ്റ്റ് തയ്യാറാക്കാൻ ജോലിക്കിടയിൽ ജിഷാദ് പങ്കെടുത്തിരുന്നു.
ജിഷാദിനെ വൈകിട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സഞ്ജിത് കൊല്ലപ്പെട്ട കേസിൽ പങ്ക് പുറത്തുവന്നതിനാൽ ഈ കേസിലും അറസ്റ്റ് രേഖപ്പെടുത്തും. ശ്രീനിവാസൻ കേസിൽ കൊലയാളിസംഘത്തിലെ നാലുപേരും ഗൂഢാലോചനയിൽ പങ്കെടുത്തവരും സഹായം നൽകിയവരുമായ 17 പേരുമാണ് ഇതുവരെ പിടിയിലായത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടുപേരെ പിടികൂടാനുണ്ട്.