തിരുവനന്തപുരം
വർക്ഷോപ്പ് നവീകരണത്തിന്റെ ഭാഗമായി സർക്കാർ അനുവദിച്ച തുകയിൽനിന്നാണ് ആധുനിക രീതിയിലുള്ള ബസ് വാഷിങ് യൂണിറ്റ് വാങ്ങുന്നതെന്ന് കെഎസ്ആർടിസി. ശമ്പളത്തിനുള്ളതോ കലക്ഷൻ തുകയോ ഉപയോഗിക്കുന്നില്ല. കെഎസ്ആർടിസിയിൽ വർക്ഷോപ്പ് നവീകരണത്തിനുവേണ്ടി 30 കോടി രൂപവീതം ഓരോ വർഷവും സർക്കാർ അനുവദിക്കുന്നുണ്ട്. ഈ തുക ഉപയോഗിച്ചാണ് വർക്ഷോപ്പ് നവീകരണവും അതിന്റെ ഭാഗമായി ബസ് വാഷിങ് മെഷീൻ ഉൾപ്പെടെയുള്ള അത്യാവശ്യ കാര്യങ്ങൾക്കുവേണ്ടി തുകയും ചെലവാക്കുന്നത്.ഇതുകൂടാതെ ഈ വർഷവും 30 കോടി രൂപ വർക്ഷോപ്പ് നവീകരണത്തിനും 20 കോടി രൂപ കംപ്യൂട്ടറൈസേഷനും വേണ്ടി സർക്കാർ അനുവദിച്ചിട്ടുണ്ട്.
വിവിധ തലത്തിലുള്ള 4300ഓളം ബസാണ് വൃത്തിയാക്കേണ്ടത്. പ്രത്യേകിച്ച് ദീർഘദൂര ബസുകൾക്ക് വളരെയേറെ വൃത്തിയും വെടിപ്പും ആവശ്യമാണ്. നിലവിൽ 425 ബസ് വാഷർമാർ 25 രൂപ നിരക്കിലാണ് ബസുകളുടെ പുറംഭാഗം കഴുകി വൃത്തിയാക്കുന്നത്. ഇത് കാര്യക്ഷമമല്ലാത്ത സാഹചര്യത്തിലാണ് അധുനിക സൗകര്യങ്ങൾ നടപ്പാക്കുന്നത്. ശമ്പളത്തിൽനിന്നാണ് ഇത്തരത്തിൽ തുക ചെലവഴിക്കുന്നുവെന്ന തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ ജീവനക്കാരുടെ മനസ്സുമടിപ്പിക്കുമെന്നും കെഎസ്ആർടിസിയുടെ നാശത്തിലേക്ക് തള്ളിവിടാൻ കാരണമാകുമെന്നും പ്രസ്താവനയിൽ പറഞ്ഞു.
വർക്ഷോപ്പുകളെ ആധുനികമാക്കും
സ്പ്രേ പെയിന്റിങ്, പെയിന്റിങ് ബൂത്തുകൾ തുടങ്ങി ആധുനിക രീതിയിൽ ടയർ മാറാനുള്ള യന്ത്രംവരെ സ്ഥാപിച്ച് സംസ്ഥാനത്ത് വിവിധയിടങ്ങളിലെ വർക്ഷോപ്പുകൾ നവീകരിക്കുകയാണ് കെഎസ്ആർടിസി. ലൈലൻഡ് എൻജിൻ റീ കണ്ടീഷൻ ചെയ്യുന്ന പ്ലാന്റ് എടപ്പാളിൽ സ്ഥാപിക്കുകയാണ്. ഇതിന്റെ ഭാഗമായി വിദഗ്ധരായ എൻജിനിയർമാരെയും മെക്കാനിക്കുകളെയും ലൈലൻഡിൽ പരിശീലനത്തിനായി അയച്ചു. ഇതിന് സമാനമായി കെഎസ്ആർടിസി ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങളുടെയും ബോഷ് ഡീസൽ പമ്പിനു വേണ്ടിയുള്ള പ്രത്യേക കാലിബ്രേഷൻ യൂണിറ്റ് തിരുവനന്തപുരത്ത് ഉടൻ ആരംഭിക്കും. ടാറ്റയുമായി സഹകരിച്ച് എൻജിൻ റീകണ്ടീഷനിങ് പ്ലാന്റും തിരുവനന്തപുരത്ത് സ്ഥാപിക്കും.