ലഖ്നൗ> ഉത്തർപ്രദേശിലെ ലളിത്പുരിൽകൂട്ടബലാത്സംഗത്തിനിരയായ പതിമൂന്നുകാരിയെ പൊലീസ് ഉദ്യോഗസ്ഥൻ സ്റ്റേഷനിൽവച്ച് ബലാത്സംഗം ചെയ്തു. പെൺകുട്ടിയുടെ അമ്മായിയോടൊപ്പം മൊഴി നൽകാനെത്തിയപ്പോഴാണ് പാലി സ്റ്റേഷൻ ഹൗസ് ഓഫീസർ തിലക്ധാരി സരോജ് ബലാത്സംഗംചെയ്തത്. സരോജിനെ സസ്പെൻഡ് ചെയ്തതായും ഒളിവിലുള്ള ഇയാളെ ഉടൻ പിടികൂടുമെന്നും പൊലീസ് പറയുന്നു. സംഭവം നടക്കുമ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാ പൊലീസുകാരെയും സ്ഥലംമാറ്റി അധികൃതർ തടിയൂരി.
ഏപ്രിൽ 22 നാണ് പതിമൂന്നുകാരിയെ ഭോപാലിൽ വച്ച് നാലുപേർ ചേർന്ന് ബലാത്സംഗംചെയ്തത്. നാലു ദിവസം പീഡിപ്പിച്ചശേഷം പ്രതികൾ പെൺകുട്ടിയെ പാലി പൊലീസ് സ്റ്റേഷന് സമീപം ഉപേക്ഷിച്ചു. പെൺകുട്ടിയെ പൊലീസ് ഉദ്യോഗസ്ഥർ ബന്ധുക്കൾക്ക് കൈമാറി. പിറ്റേന്ന് അമ്മായിയോടൊപ്പം മൊഴി നൽകാനെത്തിയപ്പോഴാണ് സരോജ് പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത്. ഒരു സന്നദ്ധസംഘടനയുടെ കൗൺസലിങ്ങിനിടെയാണ് പെൺകുട്ടി പൊലീസ് ഉദ്യോഗസ്ഥൻ ബലാത്സംഗംചെയ്ത വിവരം വെളിപ്പെടുത്തിയത്.തുടർന്ന് ഉന്നതഉദ്യോഗസ്ഥർക്ക് പരാതി നൽകി.പെൺകുട്ടിയുടെ അമ്മായിക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.