കോഴിക്കോട്> റെയിൽവേയുടെ ബാസ്കറ്റ് ബോൾ താരം കെ സി ലിതാര (23) ആത്മഹത്യ ചെയ്ത സംഭത്തിൽ കോച്ച് രവി സിംഗിനെതിരെ ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. കോച്ചിന്റെ മാനസിക പീഡനമാണ് ലിതാരയെ ആത്മഹത്യയിലേക്ക് നടയിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു.
കഴിഞ്ഞ ദിവസം പട്ന ഗാന്ധിനഗറിലെ ഫ്ലാറ്റിനുള്ളിലാണ് ലിതാരയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാജീവ് നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ റോഡ് നമ്പർ ആറ് ഫ്ളാറ്റിൽ മുറിയിലെ സീലിങ് ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
ആറുമാസമായി പട്ന ദാനംപുരിയിലെ ഡിആർഡിഎംഒ ഓഫീസിലായിരുന്നു ജോലി. മൂന്ന് ദിവസമായി ലിതാരയെ ബന്ധുക്കൾക്ക് ഫോണിൽ ലഭിക്കാത്തതിനാൽ ഫ്ലാറ്റ് ഉടമയുമായി ബന്ധപ്പെടുകയായിരുന്നു. ഫ്ലാറ്റിൽ മുറി അടച്ച നിലയിലായതിനാൽ പൊലീസ് സഹായത്തോടെ തുറന്നുനോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.















