കരിമണ്ണൂർ> വർണക്കാഴ്ചകൾ സമ്മാനിച്ച് ഉടുമ്പന്നൂരിലും സൂര്യകാന്തി വസന്തം. പരമ്പരാഗത രീതിവിട്ട് കൃഷിയിൽ പരീക്ഷണം നടത്തിയ പ്രവാസി ജെയ്സൺ വർഗീസാണ് കൃഷിയിടത്തിൽ മഞ്ഞവസന്തം തീർത്തത്. പിതൃസ്വത്തായി ലഭിച്ച ഒരേക്കർ വരുന്ന കുന്നലംകുഴി നെൽപാടത്ത് ഇടവിളയായാണ് സൂര്യകാന്തി കൃഷിചെയ്തത്. ഒപ്പം ചോളവും മെയ്സും ഉഴുന്നും എള്ളും ചാമയുമെല്ലാം ഇവിടം നിറഞ്ഞുനിൽക്കുന്നു. ആലപ്പുഴ സ്വദേശി സുജിത്താണ് കൃഷിയിൽ മാറ്റക്കൃഷി പരീക്ഷണം നടത്താൻ പ്രചോദനമായത്. മൂന്നുമാസംകൊണ്ട് വിളവെടുക്കാവുന്ന കൃഷി ഇറക്കിയിട്ട് ഒന്നരമാസമായി. എല്ലാം സമൃദ്ധമായി വളർന്നിരിക്കുന്നു.
മാലദ്വീപിലായിരുന്ന ജെയ്സൺ 2017ലാണ് നാട്ടിൽ മടങ്ങിയെത്തിയത്. പ്രവാസജീവിതം നയിക്കുമ്പോഴും കൃഷിയെ സ്നേഹിച്ചിരുന്ന ഇദ്ദേഹം സ്വന്തം കൃഷിയിടം പരിപാലിച്ചു. മുമ്പ് നല്ലരീതിയിൽ കൃഷിചെയ്തിരുന്ന കുന്നലംകുഴി പാടശേഖരത്ത് മണ്ണിട്ടുനികത്താതെ അവശേഷിക്കുന്നത് ജെയ്സന്റേതടക്കം കുറച്ചു പാടങ്ങൾ മാത്രം.