കൊച്ചി> ഇറച്ചിവെട്ടുയന്ത്രത്തിനുള്ളിൽ സ്വർണം കടത്തിയ കേസിൽ മുസ്ലിംലീഗ് നേതാവിന്റെ മകൻ അറസ്റ്റിൽ. തൃക്കാക്കര നഗരസഭാ വൈസ് ചെയർമാനുമായ എ എ ഇബ്രാഹിംകുട്ടിയുടെ മകൻ ഷാബിൻ ആണ് അറസ്റ്റിലായത്. കേസിലെ രണ്ടാം പ്രതിയാണ് ഷാബിൻ. ഇന്നലെ രാത്രി കൊച്ചിയില്‍ നിന്നാണ് കസ്റ്റംസ് ഇയാളെ അറസ്റ്റ് ചെയ്തത്.
കേസിൽ ഇബ്രാഹിംകുട്ടിയെ ഇന്നലെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ബുധൻ രാവിലെ ആരംഭിച്ച ചോദ്യം ചെയ്യൽ പകൽ 12.30നാണ് അവസാനിച്ചത്. കഴിഞ്ഞദിവസം ഇബ്രാഹിംകുട്ടിയുടെ വീട്ടിൽ കസ്റ്റംസ് പരിശോധിച്ച് ലാപ്ടോപ്പും മെബൈൽഫോണും രേഖകളും പിടിച്ചെടുത്തിരുന്നു.
അറസ്റ്റിലായ ഷാബിൻ തൃക്കാക്കര നഗരസഭയിൽ കരാർജോലികൾ നടത്തുകയായിരുന്നു. പിതാവ് വൈസ് ചെയർമാനായതോടെ ഹോട്ടൽ വ്യവസായത്തിലേക്ക് തിരിഞ്ഞു. ഇതിനിടെ സിറാജുദ്ദീനുമായി ചേർന്ന് സ്ഥാപനവും ആരംഭിച്ചു. ഇവരുടെ പെട്ടെന്നുള്ള സാമ്പത്തികവളർച്ചയും ഇടപാടുകളും കസ്റ്റംസ് പരിശോധിക്കും.
ഇരുവരും ചേർന്ന് നേരത്തേയും വിമാനത്താവളംവഴി സ്വർണം കടത്തിയിട്ടുണ്ടെന്നാണ് വിവരം. വിവിധ യന്ത്രഭാഗങ്ങൾ നാട്ടിലേക്കു കൊണ്ടുവരുന്ന പേരിലായിരുന്നു സ്വർണക്കടത്ത്. ദുബായിൽനിന്ന് നെടുമ്പാശേരിയിൽ എത്തിയ കാർഗോ വിമാനത്തിലാണ് കഴിഞ്ഞ ശനി രാത്രി രണ്ടേകാൽ കിലോ സ്വർണക്കട്ടികൾ കടത്താൻ ശ്രമിച്ചത്.