തിരുവനന്തപുരം
ചീഫ് സെക്രട്ടറി വി പി ജോയി, സ്റ്റാഫ് ഓഫീസർ ഉമേഷ് എന്നിവരുടെ ഗുജറാത്ത് സന്ദർശനം ഇ ഗവേണൻസ് കാര്യക്ഷമമാക്കാൻ ഏർപ്പെടുത്തിയ ‘ഡാഷ്ബോർഡ് സംവിധാനം’ പരിചയപ്പെടാൻ. 28ന് ഇതുസംബന്ധിച്ച പ്രസന്റേഷനിലും ചീഫ് സെക്രട്ടറി പങ്കെടുക്കും. വിവിധ വകുപ്പിന്റെ പ്രവർത്തനം സംബന്ധിച്ച വിവരങ്ങൾ ദിവസേന രേഖപ്പെടുത്തുന്നതാണ് ഡാഷ്ബോർഡ്. മുഖ്യമന്ത്രിക്കടക്കം സമയാസമയങ്ങളിൽ വകുപ്പുകളുടെ പ്രവർത്തനം വിലയിരുത്താനാകും.
കേന്ദ്ര സർക്കാരും മറ്റു സംസ്ഥാന സർക്കാരുകളും ഈ ഡാഷ്ബോർഡ് നടപ്പാക്കാൻ ആലോചിക്കുന്നുമുണ്ട്. 29നു ചീഫ് സെക്രട്ടറി മടങ്ങിയെത്തും. ഈയിടെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചവേളയിൽ പ്രധാനമന്ത്രി ഗുജറാത്തിലെ ഡാഷ്ബോർഡിനെപ്പറ്റി പറഞ്ഞിരുന്നു. ഭരണകാര്യക്ഷമതയിൽ നേട്ടമുണ്ടാക്കാൻ സംവിധാനത്തിനാകുമെന്നും കേരളത്തിൽ നടപ്പാക്കാൻ ശ്രമിക്കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചിരുന്നു.