കൽപ്പറ്റ
ഇടുക്കി എൻജിനിയറിങ് കോളേജിൽ കെഎസ്യു–-യൂത്ത് കോൺഗ്രസ് പ്രവർത്തകർ കുത്തിക്കൊന്ന എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രൻ കോൺഗ്രസ് കുടുംബാംഗമായിരുന്നെന്ന് സമ്മതിച്ച് കെ സുധാകരൻ. കൽപ്പറ്റയിൽ കോൺഗ്രസിന്റെ പ്രത്യേക കൺവൻഷനിലായിരുന്നു കെപിസിസി പ്രസിഡന്റിന്റെ ഏറ്റുപറച്ചിൽ. കോൺഗ്രസ് കുടുംബങ്ങളിലെയും നേതാക്കളുടെയും മക്കൾ എസ്എഫ്ഐക്കാരാകുകയാണ്. കോൺഗ്രസിന്റെ അടിത്തറ ശക്തമല്ലാത്തതുകൊണ്ടാണ് മക്കൾ എസ്എഫ്ഐക്കാരും എബിവിപിക്കാരുമാകുന്നത്. കോൺഗ്രസുകാരുടെ മക്കൾ കോൺഗ്രസായി വളരണം. കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികൾ രൂപീകരിച്ച് പാർടി അടിത്തറ ശക്തമാക്കണം–- സുധാകരൻ പറഞ്ഞു.
ധീരജിന്റെ രക്തസാക്ഷിത്വത്തെപോലും അപമാനിക്കുന്ന നിലപാടായിരുന്നു സുധാകരന്റേത്. ‘ഇരന്നുവാങ്ങിയ രക്തസാക്ഷിത്വമാണെന്നാണ്’ ആക്ഷേപിച്ചത്. ‘രണ്ടുംകൽപ്പിച്ചാണ് തങ്ങളുടെ കുട്ടികളെ കോളേജിലേക്ക് അയച്ചതെന്നും’ കൊലപാതകികളെ ന്യായീകരിച്ച് പറഞ്ഞിരുന്നു. രാഷ്ട്രീയ വൈരാഗ്യമാണ് കൊലക്ക് കാരണമെന്നാണ് പൊലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലും പറഞ്ഞിട്ടുള്ളത്. കെഎസ്യു –– യൂത്ത് കോൺഗ്രസ് പ്രവർത്തകരായ എട്ടുപേരാണ് കേസിലെ പ്രതികൾ. ഒന്നാംപ്രതിയും യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റുമായ നിഖിൽ പൈലിക്ക് അടുത്തിടെയാണ് ജാമ്യം ലഭിച്ചത്. നിഖിൽ പൈലിയെ ന്യായീകരിച്ച് ഡീൻ കുര്യാക്കോസ് എംപി രംഗത്തുവന്നതും പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു.