കോഴിക്കോട്
മതനിരപേക്ഷതയുടെ കാര്യത്തിൽ കോൺഗ്രസിന് ചാഞ്ചാട്ടമുള്ളതായി മുസ്ലിംലീഗ് നേതാവ് എം കെ മുനീർ. മതനിരപേക്ഷത വിഷയമാകുമ്പോൾ ദക്ഷിണേന്ത്യയിൽ ഒരു നിലപാട്, ഉത്തരേന്ത്യയിൽ മറ്റൊരു സമീപനം എന്നതാണ് കോൺഗ്രസിന്റെ നയം. കോൺഗ്രസ് കൂടുതൽ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കേണ്ട സമയമാണിത്. മതനിരപേക്ഷതക്കായി നിലകൊണ്ട നെഹ്റുവിയൻ യുഗത്തിലേക്ക് കോൺഗ്രസ് തിരിച്ചുപോകണം–- ലീഗ് നിയമസഭാ കക്ഷി ഉപനേതാവ് കൂടിയായ മുനീർ പറഞ്ഞു.
ജഹാംഗീർപുരിയിൽ ന്യൂനപക്ഷങ്ങൾക്ക് നേരെയുണ്ടായ ബിജെപിയുടെ ബുൾഡോസർ അതിക്രമത്തിനുശേഷമാണ് മുനീറിന്റെ കോൺഗ്രസ് വിമർശം. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ടിന്റെ നേതൃത്വത്തിൽ ജഹാംഗീർപുരിയിൽ നടത്തിയ പ്രതിഷേധം ചെറുതായി കാണുന്നില്ലെന്ന് തുറന്നുപറഞ്ഞിട്ടുമുണ്ട്. ഓൺലൈൻ മാധ്യമത്തിൽ എഴുതിയ ലേഖനത്തിലായിരുന്നു വിമർശം. തുടർന്ന് വാർത്താചാനലിലൂടെ ആവർത്തിച്ചിട്ടുമുണ്ട്.
‘‘രാഹുൽഗാന്ധി ഇന്ത്യയിലുടനീളം നെഹ്റുവിന്റെ പേരിൽ സെക്കുലർ സ്കൂൾ തുടങ്ങണം. കേരളത്തിൽനിന്ന് പാർലമെന്റംഗമായ രാഹുൽ വയനാട്ടിലെങ്കിലും നെഹ്റു സ്കൂൾ തുടങ്ങണം. ആർഎസ്എസിന്റെ ശിശുഭവന് ബദലായി സെക്കുലർ സ്കൂൾവേണം. ആർഎസ്എസ് സെക്കുലർ എന്ന പദം മായ്ക്കാൻ ശ്രമിക്കയാണ്. വിദ്യാഭ്യാസ നയം മാറ്റുന്നു. ഇതിനെ പ്രതിരോധിക്കാൻ ബഹുസ്വരതക്കായിനിന്ന നെഹ്റുവിനെ പഠിക്കണം. മതനിരപേക്ഷ വിഭാഗത്തെ ആകർഷിക്കാൻ കോൺഗ്രസിന് സാധിക്കണം’’–-ലേഖനത്തിലും ചാനൽ അഭിമുഖത്തിലും മുനീർ വ്യക്തമാക്കി.