കോഴിക്കോട്> കോഴിക്കോട് എരഞ്ഞിക്കലിൽ ആറു വയസുകാരിക്ക് ഷിഗല്ല ബാക്ടീരിയ സ്ഥിരീകരിച്ചു. വയറിളക്കമടക്കമുള്ള അസുഖങ്ങൾ കാരണം കുട്ടി പുതിയാപ്പ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു. ഇവിടെ നിന്ന് സാമ്പിളുകൾ പരിശോധനക്കയച്ചു. ബുധനാഴ്ച ഫലം വന്നപ്പോഴാണ് ഷിഗല്ല കണ്ടെത്തിയത്. കുട്ടിയുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടേണ്ടന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.
ഈ മാസം 16ന് ചികിത്സ കഴിഞ്ഞ കുട്ടി വീട്ടിൽ വിശ്രമത്തിലാണ്. മറ്റൊരു കുട്ടിക്ക് കൂടി രോഗ ലക്ഷണമുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. പ്രദേശത്ത് 500ഓളം പേർ പങ്കെടുത്ത വിരുന്നിൽ പങ്കെടുത്തവരാണ് രോഗം സ്ഥിരീകരിച്ച കുട്ടിയും ലക്ഷണമുള്ള കുട്ടിയും. എരഞ്ഞിക്കൽ മേഖലയിൽ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി.
മലിന ജലത്തിലൂടെ ബാക്ടീരിയ ശരീരത്തിനുള്ളിലേക്ക് കടക്കുന്നതാണ് ഷിഗെല്ലയ്ക്ക് കാരണം. കഠിനമായ പനിയുമുള്ളതിനാൽ രോഗം മൂർച്ഛിക്കുകയും ചെയ്യും. വയറിളക്കത്തിന് പുറമെ വയറുവേദനയും ചർദിയുമാണ് പ്രധാന ലക്ഷണം. ചൂടാക്കിയ വെള്ളം മാത്രം കുടിക്കുക, വീടും പരിസരവും വ്യത്തിയായി സൂക്ഷിക്കുക, കൈകൾ വൃത്തിയായി സൂക്ഷിക്കുക, ഭക്ഷണം അടച്ച് വെക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ് അധികൃതർ പറഞ്ഞു.