മലപ്പുറം> മുസ്ലിംലീഗ് ഫണ്ട് പിരിവിന് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്ന് അവലോകന യോഗത്തിൽ വിമർശം. മുൻകാലങ്ങളിൽ ലഭിച്ചിരുന്ന പിന്തുണ ഇക്കുറിയില്ലെന്ന് നേതാക്കൾ യോഗത്തിൽ തുറന്നടിച്ചു. ലീഗിന്റെ വിശ്വാസ്യത ഇടിഞ്ഞതിന് തെളിവാണിതെന്നും ചിലർ ആശങ്ക പ്രകടിപ്പിച്ചു. എന്നാൽ വരുംദിവസങ്ങളിൽ ഫണ്ട് പിരിവ് ഊർജിതമാക്കാൻ തീരുമാനിച്ച് യോഗം പിരിഞ്ഞു.
‘എന്റെ പാർടിക്ക് എന്റെ ഹദിയ’ പേരിലാണ് ലീഗ് ഫണ്ട് പിരിവ് തുടങ്ങിയത്. ഇതിന് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്ന ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ടിനെ തുടർന്നാണ് ലീഗ് ജില്ലാ ഓഫീസിൽ യോഗം ചേർന്നത്. ലീഗ് ഉന്നതാധികാര സമിതി അംഗങ്ങളും സംസ്ഥാന ഭാരവാഹികളും ഫണ്ട് ക്യാമ്പയിൻ ജില്ലാ നിരീക്ഷകന്മാരുമാണ് പങ്കെടുത്തത്. പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷനായി.
യുഡിഎഫിനെ ശക്തിപ്പെടുത്തും: സാദിഖലി തങ്ങൾ
മലപ്പുറം
നിലവിൽ യുഡിഎഫിനെ ശക്തിപ്പെടുത്തുകയാണ് ലീഗിന്റെ ലക്ഷ്യമെന്ന് പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. ദേശീയതലത്തിൽ യുപിഎയെ ശക്തിപ്പെടുത്തും. മറ്റൊന്നും തങ്ങളുടെ അജന്‍ഡയിലില്ല. ലീഗ് എല്ലാവർക്കും അക്കരപ്പച്ചയാണെന്നും സാദിഖലി പറഞ്ഞു.
കുപ്പായം മാറുന്നതുപോലെ മുന്നണി മാറുന്ന പാർടിയല്ല തങ്ങളുടേതെന്ന് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. യുഡിഎഫിനോ ലീഗിനോ ഇക്കാര്യത്തിൽ ഒരു അവ്യക്തതയുമില്ലെന്നും അദ്ദേഹം പറഞ്ഞു.