തിരുവല്ല> കടപ്ര കീച്ചേരിവാൽ കടവിൽ 15 ബിജെപി കുടുംബങ്ങൾ നേരിന്റെ പക്ഷത്തേക്ക്. ബിജെപി പഞ്ചായത്ത് വൈസ് പ്രസിഡന്റും ബിഎംഎസ് നിർമാണ തൊഴിലാളി സംഘ് നേതാവും പഞ്ചായത്തിലെ ബിജെപിയുടെ ആദ്യ വാർഡംഗം ഉൾപ്പടെയാണ് സിപിഐ എമ്മിനൊപ്പം എത്തിയത്. സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഇവരെ ഹാരമണിയിച്ച് സ്വീകരിച്ചു.
ബിജെപി പഞ്ചായത്ത് വൈസ് പ്രസിഡന്റും മണപ്പുറം ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റുമായ കെ എസ് അശോകൻ, ബിഎംഎസ് നിർമാണ തൊഴിലാളി സംഘ് നേതാവ് ബി ചന്ദ്രഭാനു, പമ്പ–- മണിമല ഹിന്ദുമത പരിഷത്ത് ട്രഷറർ സുരേഷ്കുമാർ, ബിജെപി നേതാവും എസ്എൻഡിപി ശാഖാ സെക്രട്ടറിയുമായ കൃഷ്ണകുമാരപ്പണിക്കർ, കടപ്ര പഞ്ചായത്തിലെ ആദ്യ ബിജെപി പഞ്ചായത്തംഗം പി ആർ പ്രസന്നകുമാർ ഉൾപ്പടെ 32 പേരാണ് ചെങ്കൊടിത്തണലിലേക്ക് എത്തിയത്.
യോഗത്തിൽ ലോക്കൽ സെക്രട്ടറി ജോസഫ് തോമസ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി അഡ്വ. ഫ്രാൻസിസ് വി ആന്റണി, അനൂപ് കുമാർ, വിപിൻ കാർത്തിക്, വി എൻ കാർത്തികേയൻ, ഉമ്മൻ മത്തായി, ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ, എം മാത്യൂസ് എന്നിവർ സംസാരിച്ചു.