തിരുവനന്തപുരം> തലസ്ഥാന നഗരത്തിലെ കാഴ്ച്ചകള്‍ ആസ്വദിക്കാന്‍ മേല്‍ക്കൂരയില്ലാത്ത ഡബിള്‍ ഡെക്കര്‍ ബസുകളുമായി കെ എസ് ആര് ടി സി. തലസ്ഥാനത്തെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് കുറഞ്ഞ ചിലവില്‍ നഗരത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് ഈ ബസില്‍ യാത്ര ചെയ്യാം . ബസിന്റെ ഫ്ലാഗ് ഓഫ് മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിച്ചു
പത്മനാഭസ്വാമി ക്ഷേത്രം, സെക്രട്ടറിയേറ്റ്, നിയമസഭ, മ്യൂസിയം, കനകക്കുന്ന് കൊട്ടാരം, വെള്ളയമ്പലം, കോവളം, ലുലുമാള്‍ തുടങ്ങിയ സ്ഥലങ്ങളിലൂടെ ഇനി മുകള്ഭാഗം തുറന്ന ഡബിള്‍ ഡെക്കറില്‍ യാത്ര ചെയ്യാം.
വിദേശങ്ങളില്‍ മാത്രം ലഭ്യമായിരുന്ന ഈ ദൃശ്യയാത്രാ അനുഭവം ഇനി അനന്തപുരിക്കും ഇതൊടെ സ്വന്തമായി. മന്ത്രി മുഹമ്മദ് റിയാസാണ് ഇത്തരം ഒരാശയം മുന്നോട്ടുവെച്ചതെന്നും കെ എസ് ആര് ടി സി മാനേജ്മെന്റ് അത് വേഗത്തിലേറ്റെടുത്തുവെന്നും ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.
മന്ത്രിമാരായ മുഹമ്മദ് റിയാസും, ആന്റണി രാജുവും, കെ എസ് ആര് ടി സി സിഎംഡി ബിജു പ്രഭാകറും ആദ്യ യാത്രയിയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്തു. പദ്ധതി വേഗത്തില്‍ നടപ്പിലായത് ടൂറിസം രംഗത്ത് മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് മുഹമ്മദ് റിയാസ് വ്യക്തമാക്കി.
കെ എസ് ആര് ടി സിയുടെ ഓഫീഷ്യല്‍ വാട്ടസ് ആപ്പ് നമ്പരിലേക്ക് മെസേജ് അയച്ച് ടിക്കറ്റ് ബുക്ക് ചെയ്യാം. പദ്ധതി വിജയകരമായാല്‍ വരും നാളുകളില്‍ മറ്റ് നഗരങ്ങളിലേക്കും ഇതേ പദ്ധതി തുടരനാണ് കെ എസ് ആര് ടി സി യുടെ തീരുമാനം.നിലവില്‍ വൈകുന്നേരം 5 മണി മുതല്‍ 10 മണിവരെ നീണ്ടു നില്ക്കുന്ന നൈറ്റ് സിറ്റി റൈഡും രാവിലെ 9 മണിമുതല്‍ 4 മണി വരെ നീണ്ടുനില്‍ക്കുന്ന ഡേ സിറ്റി റൈഡുമാണ് നടത്തുന്നത്. ഈ രണ്ട് സര്‍വീസിലും 250 രൂപയാണ് ടിക്കറ്റ് നിരക്ക്.
പ്രാരംഭ ഓഫര്‍ എന്ന നിലയ്ക്ക് 200 രൂപയ്ക്ക് ടിക്കറ്റ് ലഭിക്കും. യാത്രക്കാര്‍ക്ക് വെല്‍ക്കം ഡ്രിങ്ക്സ്, സ്നാക്സ് എന്നിവയും ലഭ്യമാക്കും. ഡേ ആന്‍ഡ് നൈറ്റ് റൈഡ് ഒരുമിച്ച് ടിക്കറ്റ് എടുക്കുന്നവര്‍ക്ക് പ്രാരംഭ ഓഫര്‍ എന്ന നിലയ്ക്ക് ഒരു ദിവസം 350 രൂപയുടെ ടിക്കറ്റും ലഭ്യമാകും.