പാലക്കാട് > തുടർകൊലപാതങ്ങളുടെ പശ്ചാത്തലത്തിൽ പാലക്കാട് ചേർന്ന സർവകക്ഷിയോഗം അവസാനിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടി പൊലീസിൻെറ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് മന്ത്രി കെ കൃഷ്ണൻ കുട്ടി പറഞ്ഞു. എല്ലാ രാഷ്ട്രീയ പാർട്ടികളും സമാധാന ശ്രമങ്ങൾക്ക് പൂർണ പിന്തുണ അറിയിച്ചിട്ടുണ്ട്. സമൂഹം ഒന്നിച്ചുനിന്നാൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുമെന്നും മന്ത്രി പറഞ്ഞു.
തീവ്രവാദസ്വഭാവമുള്ള ഇത്തരം കൊലപാതകങ്ങൾ തടയുക എളുപ്പമല്ല. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകും. ജില്ലാ ഭരണകൂടത്തിന്റെ നേൃത്വത്തിൽ തുടർ ചർച്ചകൾ നടത്തും. ജില്ലയിൽ സമാധാനം പുനസ്ഥാപിക്കും.
ബിജെപി മാത്രമാണ് യോഗത്തിൽനിന്ന് ഇറങ്ങിപ്പോയത്. ഒരാൾ ഇറങ്ങിപ്പോകാൻ തീരുമാനിച്ച് വന്നാൽ ഒന്നും ചെയ്യാൻ കഴിയില്ല. അവരെ വീണ്ടും സഹകരിപ്പിക്കാൻ ജില്ലാ ഭരണകൂടം ശ്രമിക്കുന്നുണ്ട്. അക്രമസംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ശക്തമായ ഇടപെടൽ ഉണ്ടാകും. വളരെ ശ്രദ്ധപൂർവം പൊലീസ് കാര്യങ്ങൾ ചെയ്യുന്നുണ്ട്. എല്ലാവരുടെയും സഹകരണം ഈ വിഷയത്തിൽ ഉണ്ടാകണം. കുറേ വിമർശനങ്ങൾ വന്നു. എല്ലാം ഉൾക്കൊണ്ടുകൊണ്ട് നടപടികൾ എടുക്കുമെന്നും മന്ത്രി പറഞ്ഞു.
പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ കൊലപാതകത്തിൽ മൂന്ന് പേർ കസ്റ്റഡിയിലുണ്ടെന്ന് പാലക്കാട് എസ്.പി പറഞ്ഞു. കൊലപാതകം പുറത്തുനിന്നുള്ളവർ വന്നു ചെയ്തു പോയതാണ്. കൂടുതൽ വിവരങ്ങൾ പുറത്തു വിടാനാകില്ല. തിരിച്ചറിയൽ പരേഡ് അടക്കം നടക്കാനുണ്ട്. ശ്രീനിവാസൻ വധക്കേസിൽ ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ട് , ആരെയും കസ്റ്റഡിയിൽ എടുത്തില്ല. സുബൈർ വധക്കേസിൽ കസ്റ്റഡിയിൽ ഉള്ളവർ നേരിട്ട് കൃത്യത്തിൽ പങ്കെടുത്തവരെന്നു സംശയമുണ്ട്. ഉറപ്പാക്കിയ ശേഷം ഉടൻ വിവരങ്ങൾ അറിയിക്കാമെന്നും എസ്.പി പറഞ്ഞു.