കൊച്ചി> കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ശ്രമിക്കുന്നത് തന്നെ പാർടിയിൽനിന്ന് പുറത്താക്കാനാണെന്ന് കെ വി തോമസ്. ഇങ്ങനെയൊരു നേതൃത്വം കേരളത്തിന് വേണോയെന്നും ആലോചിക്കണമെന്നും കെ സുധാകരനെതിരെ കെ വി തോമസ് തുറന്നടിച്ചു. തന്നെ പുറത്താക്കാൻ നേരത്തെ ശ്രമം തുടങ്ങി. എന്നാൽ ആ തീരുമാനമെടുക്കേണ്ടത് സുധാകരനല്ല എഐസിസി ആണ്. എഐസിസി തീരുമാനമറിഞ്ഞശേഷം അതേകുറിച്ച് സംസാരിക്കാം. 2024 ലെ തെരഞ്ഞെടുപ്പിൽ ബിജെപിയെ കോൺഗ്രസിന് ഒറ്റക്ക് നേരിടാൻ കഴിയില്ലെന്നും കെ വി തോമസ് പറഞ്ഞു.
ഇന്നു ചേരുന്ന കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിലേയ്ക്ക് കെ വി തോമസിനെ നേതൃത്വം ക്ഷണിച്ചിരുന്നില്ല. തുടർന്നാണ് കെ വി തോമസിന്റെ പ്രതികരണമുണ്ടായത്.
‘രാഷ്ട്രീയ കാര്യ സമിതി യോഗത്തിന് തന്നെ വിളിക്കാതിരുന്നത് മര്യാദകേടാണ് . ഖദർ ഇട്ടാൽ മാത്രം കോൺഗ്രസ് ആവില്ല. തനിക്ക് സ്ഥാനമാനങ്ങൾ തന്നിട്ടുണ്ടെങ്കിൽ പാർടിക്കായി തിരിച്ചും ചെയ്തിട്ടുണ്ട്. ജനങ്ങളാണ് അംഗീകാരം നൽകിയത്. തന്നേക്കാൾ സ്ഥാനമാനങ്ങൾ നേടിയവർ ഇവിടെ ഉണ്ട്. തന്നേക്കാൾ പ്രായമുള്ളവർ സ്ഥാനങ്ങളിലിരിപ്പുണ്ട്. തന്റെയും കെ സുധാകരന്റെയും സാമ്പത്തികം കൂടി അന്വേഷിക്കണമെന്നും കെ വി തോമസ് ആവശ്യപ്പെട്ടു.
അതേസമയം സിപിഐ എം പാർടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാനുണ്ടായ കാരണം വ്യകതമാക്കി കെ വി കാരണം കാണിക്കൽ നോട്ടീസിന് ഇന്നലെ മറുപടി നൽകിയിരുന്നു. . ഇ മെയിൽ വഴിയാണ് മറുപടി നൽകിയത്.















