‘അക്രമപലിശ ഈടാക്കുന്ന പലവിധ സ്വയംസഹായ സംഘങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കുടുംബശ്രീയുമായി ഇവയ്ക്ക് യാതൊരു താരതമ്യവും ഇല്ല. മൈക്രോ ഫിനാന്‍സ് ബാങ്കുകളുടെ വരവോടെ ഇത്തരം സംവിധാനങ്ങള്‍ കേരളത്തില്‍ തഴച്ചുവളരുകയാണ്. നിലവിലുള്ള മണിലന്റ് ആക്ട് പ്രകാരം 18 ശതമാനത്തിലേറെ പലിശ വാങ്ങാന്‍ അനുവാദമില്ല. പിന്നെ ഏറിയാല്‍ 2 ശതമാനം പ്രൊസസിംഗ് ചാര്‍ജ്ജും. നവോദയ നിയമവിരുദ്ധമായിട്ടാണു പ്രവര്‍ത്തിക്കുന്നത്. കര്‍ശനമായ നടപടി ഇക്കാര്യത്തില്‍ ഉണ്ടാവണം’- തോമസ് ഐസക്ക് എഴുതുന്നു
ഫേസ്ബുക്ക് കുറിപ്പ്
കൈയ്യില്‍ എന്തുകിട്ടിയാലും സര്‍ക്കാരിനെ അടിക്കാനുള്ള വടിയായിട്ടാണ് ഇന്നു ബിജെപിയും യുഡിഎഫും ഉന്നംവയ്ക്കുന്നത്. നിരണത്ത് രജീവ് സരസന് എന്ന കര്‍ഷകന്റെ ആത്മഹത്യ സര്‍ക്കാരിന്റെ വീഴ്ചയായി പ്രതിഷേധിക്കുന്നത് ഉദാഹരണമാണ്.
രജീവന്‍ നല്ലൊരു കര്‍ഷകനാണ്. മൂന്നരയേക്കറിലാണ് പാട്ടത്തിനെടുത്തു കൃഷി ചെയ്യുന്നത്. ഇതില്‍ രണ്ടേക്കറിലെ നെല്ല് കൊയ്തു. സപ്ലൈകോ സംഭരിക്കുകയും ചെയ്തു. എന്നാല്‍ ബാക്കി നിലം കൊയ്യുന്നതിനു മുമ്പ് കാലംതെറ്റിവന്ന മഴ ചതിച്ചു. കൊയ്യാത്ത നെല്ലെല്ലാം ഒടിഞ്ഞ് നിലംപറ്റി കിടക്കുന്ന കാഴ്ച ഹൃദയഭേദകമാണ്. ഇന്‍ഷ്വറന്‍സ് തുക നഷ്ടം നികുത്തുന്നതിന് അപര്യാപ്തമാണ്. 35000 രൂപയാണ് ഹെക്ടറിന് ഇന്‍ഷ്വറന്‍സ് തുക.
പക്ഷെ ഒരുകാര്യം ഓര്‍ക്കണം. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരാണ് പ്രീമിയം തുക സെന്റിന് ഒരു രൂപ തന്നെ നിലനിര്‍ത്തിക്കൊണ്ട് ഇന്‍ഷ്വറന്‍സ് തുക മൂന്നിരട്ടിയായി വര്‍ദ്ധിപ്പിച്ചത്. ഇതിനു പുറമേ കേന്ദ്രസര്‍ക്കാരിന്റെ പ്രധാനമന്ത്രി ഫസല്‍ ബീമാ യോജനയുമുണ്ട്. ഹെക്ടറിന് 80000 രൂപ വരെ കിട്ടും.
പക്ഷെ കടമ്പകളേറെയുണ്ട്. ഒരു പഞ്ചായത്തിന്റെ 25 ശതമാനത്തില്‍ കൂടുതല്‍ ഭാഗം നഷ്ടമുണ്ടായാല്‍ മാത്രമേ പഞ്ചായത്തിലെ ഇന്‍ഷ്വര്‍ ചെയ്ത കര്‍ഷകര്‍ക്കു നഷ്ടപരിഹാരം ലഭിക്കൂ. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ സാമ്പിള്‍ സര്‍വ്വേ തന്നെ ജില്ലാതല ജോയിന്റ് കമ്മിറ്റിയാണ് നഷ്ടപരിഹാരം നിര്‍ണ്ണയിക്കുക.
സര്‍ക്കാരിന്റെ പ്രത്യേക വിജ്ഞാപനം ഇതിന് ആവശ്യമാണ്. വെള്ളപ്പൊക്കം ഉണ്ടായാല്‍ നെല്ല് ഒഴികെയുള്ള വിളകള്‍ക്കു മാത്രമേ ഇതു ലഭിക്കുകയുള്ളൂ. കൊയ്ത്തിനു 15 ദിവസം മുമ്പുള്ള വിളകള്‍ക്കു മാത്രമേ അര്‍ഹതയുള്ളൂ. കൂടാതെ ഇന്‍ഷ്വറന്‍സ് പ്രീമിയം 1200 രൂപയും. ഇതെല്ലാം കടന്ന് ഇന്‍ഷ്വറന്‍സ് കമ്പനിയില്‍ നിന്നും ഈ തുക ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ടുമൂലം കൃഷിക്കാര്‍ ഇതില്‍ ചേരാറില്ല. എന്നാല്‍ വായ്പയെടുക്കുന്നവര്‍ക്ക് കേന്ദ്ര ഇന്‍ഷ്വറന്‍സ് നിര്‍ബന്ധമാണ്. അതുകൊണ്ട് രജീവന്‍ രണ്ട് ഇന്‍ഷ്വറന്‍സിന്റെയും തുക ലഭിക്കും. ഈ സ്ഥിതിവിശേഷത്തില്‍ കൃഷി നാശംമൂലം നഷ്ടം ഉണ്ടാകുമെങ്കിലും കൃഷിക്കാരന് ആകെ തകര്‍ന്നുപോകില്ല.
ബിജെപിക്കാര്‍ തമസ്കരിക്കുന്ന മറ്റൊരു സുപ്രധാന വസ്തുതയുണ്ട്. രണ്ടേക്കര്‍ കൃഷിയുടെ നെല്ല് സപ്ലൈകോ സംഭരിച്ചൂവല്ലോ. കേന്ദ്രസര്‍ക്കാര്‍ 18 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന വില. എന്നാല്‍ കേരളത്തില്‍ 28.20 രൂപയാണു സംഭരണവില. ഇതിനുപുറമേ തദ്ദേശഭരണ സ്ഥാപനങ്ങള്‍ പരമാവധി ഹെക്ടറിന് 22000 രൂപ വരെ സബ്സിഡിയായി നല്‍കാം. രജീവന്‍ ജില്ലാ പഞ്ചായത്തിന്റെ 4500 രൂപ ലഭിച്ചു. നിരണം ഗ്രാമപഞ്ചായത്ത് പദ്ധതിയില്‍ എത്രയാണ് വച്ചിരിക്കുന്നതെന്ന് എനിക്ക് അറിയില്ല. ഇതിനുപുറമേ സുസ്ഥിര നെല്‍കൃഷി വികസനത്തിന് കൃഷി ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് 5500 രൂപയും പ്രൊഡക്ഷന്‍ ബോണസായി 1000 രൂപയും നല്‍കും. ഇന്ത്യയില്‍ നെല്‍കൃഷിക്ക് ഏറ്റവും കൂടുതല്‍ ധനസഹായം നല്കുന്ന സംസ്ഥാനം കേരളമാണ്.
കഴിഞ്ഞ വര്‍ഷം മൊത്തം 19307 രൂപ രജീവന്‍ എല്ലാ സ്കീമുകളില്‍ നിന്നുമായി സഹായം ലഭിച്ചിരുന്നു. രജീവന്റെ ബന്ധുക്കള്‍ കൃഷിനാശംമൂലമല്ല ആത്മഹത്യ എന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കുന്നുണ്ടായിരുന്നു.രജീവന്റെ ആത്മഹത്യയുടെ കാരണം വേറെ അന്വേഷിക്കേണ്ടിയിരിക്കുന്നു.നിരണത്തെ 2, 3, 4, 5 വാര്‍ഡുകളില്‍ പ്രവര്‍ത്തിക്കുന്ന നവോദയ സഹായ സംഘത്തിലെ 27 അംഗങ്ങളില്‍ ഒരാളാണ് രജീവന്‍. സ്വയംസഹായ സംഘമാണെങ്കിലും പ്രായോഗികമായി സംഘത്തിന്റെ നിയന്ത്രണം സ്ഥിരം രക്ഷാധികാരിയായ ഒരാളിലാണ്.
ഒരു ലക്ഷം രൂപാ വരെ സാധാരണ അയല്‍ക്കൂട്ടങ്ങളില്‍ നല്കുന്ന പലിശയ്ക്ക് അംഗങ്ങള്‍ക്കു ലഭിക്കും. എന്നാല്‍ ഇതില്‍ കൂടുതല്‍ വരുന്ന തുകയ്ക്കു ബ്ലേഡ് പലിശയ്ക്കാണു പണം നല്‍കുക. അംഗങ്ങള്‍ക്ക് എത്ര വേണമെങ്കിലും കിട്ടും. അംഗങ്ങള്‍തന്നെ ഇതിനെ ബ്ലേഡ് വായ്പ എന്നാണു വിശദീകരിച്ചത്. ഇതു സംഘത്തിന്റെ വരവ്-ചെലവില്‍ ഉള്‍പ്പെടില്ല.
തിരിച്ചടവ് മുടങ്ങിയാലും സ്വയം സഹായ സംഘത്തിന്റെ മീറ്റിങ്ങില്‍ പങ്കെടുക്കാതിരുന്നാലും ഫൈന്‍ ഉണ്ട്. തിരിച്ചടവ് മുടങ്ങിയാല്‍ ഒരു ലക്ഷത്തിന് 1000 രൂപ ഫൈന്‍. രജീവന്‍ 2 ആഴ്ചയിലെ മുടക്കം വന്നു. കഴിഞ്ഞയാഴ്ച ഫൈന്‍ 3000 സഹോദരനാണ് അടച്ചത്. രജീവന്‍ ബാങ്കില്‍ നിന്നെടുത്ത വായ്പ പുതുക്കി കൊടുത്തതുകൊണ്ട് കുടിശികയില്ല. ബ്ലേഡ് വായ്പ കുടിശികയായി. ആഴ്ചയില്‍ 14000 രൂപയാണ് അടയ്ക്കേണ്ടത്. ഇതു രണ്ട് ഗഡുക്കള്‍ കുടിശികയായി. ഇതുസംബന്ധിച്ച നിരന്തരമായ ഫോണ്‍വിളികള്‍ ഉണ്ടായിരുന്നു. സംഘത്തിലേക്ക് പോകുന്നൂവെന്നു പറഞ്ഞ് ഇറങ്ങിയ രജീവന്‍ പാടത്തിനടുത്ത് ആത്മഹത്യ ചെയ്യുകയാണുണ്ടായത്.
ഇതിനു മുമ്പും ഇതുപോലുള്ള തീവ്രആത്മസംഘര്ഷങ്ങള് പലര്‍ക്കും നേരിടേണ്ടിവന്നൂവെന്ന് നാട്ടുകാര്‍ പറയുന്നുണ്ടായിരുന്നു. കണ്ണന്, മാമ്മന്‍ ചാക്കോ എന്നിവര്‍ക്ക് ബ്ലേഡ് വായ്പ തിരിച്ചടയ്ക്കാന്‍ സ്വന്തം വീട് വില്‍ക്കേണ്ടി വന്നു. അബ്ദുള്‍ മജീദ് ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. പണം അടയ്ക്കാന്‍ താമസിച്ചാല്‍ സംഘം രക്ഷാധികാരിയുടെ ഭീഷണികള്‍ വരെ ഉണ്ടാകാറുണ്ട്.
അക്രമപലിശ ഈടാക്കുന്ന പലവിധ സ്വയംസഹായ സംഘങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കുടുംബശ്രീയുമായി ഇവയ്ക്ക് യാതൊരു താരതമ്യവും ഇല്ല. മൈക്രോ ഫിനാന്‍സ് ബാങ്കുകളുടെ വരവോടെ ഇത്തരം സംവിധാനങ്ങള്‍ കേരളത്തില്‍ തഴച്ചുവളരുകയാണ്. നിലവിലുള്ള മണിലന്റ് ആക്ട് പ്രകാരം 18 ശതമാനത്തിലേറെ പലിശ വാങ്ങാന്‍ അനുവാദമില്ല. പിന്നെ ഏറിയാല്‍ 2 ശതമാനം പ്രൊസസിംഗ് ചാര്‍ജ്ജും. നവോദയ നിയമവിരുദ്ധമായിട്ടാണു പ്രവര്‍ത്തിക്കുന്നത്. കര്‍ശനമായ നടപടി ഇക്കാര്യത്തില്‍ ഉണ്ടാവണം. അതുപോലെ തന്നെ രജീവന്റെ കുടുംബത്തിനു പരമാവധി സഹായം എത്തിക്കുകയും വേണം.
രണ്ടാമത്തെ മകന് അമ്പാടി ബന്ധുക്കളെല്ലാം ഇരിക്കുന്ന മുറിയിലേക്കു വന്നില്ല. അവനു നാളെ പ്ലസ്ടു പരീക്ഷയാണ്. ഈ ബഹളത്തിലും കരഞ്ഞുകൊണ്ട് അമ്പാടി പരീക്ഷയ്ക്കു തയ്യാറെടുക്കുകയാണ്.