കോഴിക്കോട്> മുന്നിൽ നിന്ന് നയിക്കാൻ ജിജോ ജോസഫ്, വലക്ക് മുന്നിൽ വിശ്വസ്തനായ വി മിഥുൻ, പ്രതിരോധം തീർക്കാൻ അജയ് അലക്സും ജി സഞ്ജുവും അടങ്ങുന്ന നിര. മധ്യനിരയിൽ കളി മെനയാൻ അർജുൻ ജയരാജും നിജോ ഗിൽബർട്ടും കെ സൽമാനും അടക്കമുള്ള പ്രതിഭകൾ. മുന്നേറ്റത്തിൽ ടി കെ ജെസിന്റെ നേതൃത്വത്തിലുള്ള യുവത്വം. പരിചയസമ്പത്തും യുവത്വവും ഒരുപോലെ നിറഞ്ഞ ടീം. സന്തോഷ്ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ റൗണ്ടിനുള്ള 20 അംഗ കേരള ടീമിനെ പ്രഖ്യാപിച്ചു. യോഗ്യത റൗണ്ടിൽ 22 അംഗ ടീമായിരുന്നു. ടീമിനെ എസ്ബിഐ താരം ജിജോ ജോസഫ് ടീമിനെ നയിക്കും.
കൊച്ചിയിൽ നടന്ന ദക്ഷിണ മേഖലാ മത്സരങ്ങളിൽ ടീമിൽ ഇല്ലാത്ത നാലു പേർ ടീമിലുണ്ട്. ഇവരെ കേരള പ്രീമിയർ ലീഗിലെ കളിയുടെ അടിസ്ഥാനത്തിലാണ് പരിഗണിച്ചത്. ശനി മുതൽ മഞ്ചേരി പയ്യനാട് സ്റ്റേഡിയം, മലപ്പുറം കോട്ടപ്പടി സ്റ്റേഡിയം എന്നിവടങ്ങളിലാണ് മത്സരം. ശനി രാത്രി എട്ടിന് രാജസ്ഥാനുമായാണ് കേരളത്തിന്റെ ആദ്യ കളി. മലപ്പുറത്ത് നിന്നാണ് കൂടുതൽ താരങ്ങൾ ഏഴ് പേർ. അഞ്ച് പേർ എറണാകുളത്ത് നിന്നാണ്. കേരള യൂണൈറ്റഡ് എഫ്സിയുടെ ആറ് താരങ്ങൾ ടീമിലുണ്ട്. ടീമിലെ അഞ്ച് പേർ അണ്ടർ 21 താരങ്ങളാണ്. ടീമിൽ അഞ്ച് അണ്ടർ 21 താരങ്ങളുണ്ടാകണമെന്നാണ് നിയമം.
പരിചയ സമ്പന്നായ ബിനോ ജോർജ് ആണ് ടീമിന്റെ മുഖ്യ പരിശീലകൻ. ടി ജി പുരുഷോത്തമൻ സഹപരിശീലകനും സജി ജോയി ഗോൾകീപ്പിങ് പരിശീലകനുമാണ്. മുഹമ്മദ് സലീമാണ് ടീം മാനേജർ. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലെ പരിശീലന ക്യാമ്പിൽ നിന്നാണ് ടീമിനെ തെരഞ്ഞെടുത്തത്. ക്യാമ്പിൽ 30 പേരാണ് ഉണ്ടായിരുന്നത്. കേരള ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി പി അനിൽകുമാറാണ് ടീമിനെ പ്രഖ്യാപിച്ചത്. കെഎഫ്എ പ്രസിഡന്റ് ടോം ജോസ്, ടീം സ്പോൺസർമാറായ രാംകോ സീനിയർ ജനറൽ മാനേജർ രമേഷ് ഭാരത്, സീനിയർ മാനേജർ പി എം സിജു എന്നിവർ പങ്കെടുത്തു. വിനോജ് കെ ജോർജ്, ടി ജി പുരുഷോത്തമൻ, കെ വി ധനേഷ്, കെ എം അബ്ദുൾ നൗഷാദ് എന്നിവരടങ്ങില സെലക്ഷൻ സമിതിയാണ് ടീമിനെ തെരഞ്ഞെടുത്തത്.
ടീം ഗോൾകീപ്പർമാർ: വി മിഥുൻ (കണ്ണൂർ), എസ് ഹജ്മൽ (പാലക്കാട്). പ്രതിരോധക്കാർ: ജി സഞ്ജു (എറണാകുളം), സോയൽ ജോഷി (അണ്ടർ 21– എറണാകുളം), ബിബിൻ അജയൻ (എറണാകുളം), അജയ് അലക്സ് (എറണാകുളം), എ പി മുഹമ്മദ് സഹീഫ് (അണ്ടർ 21– മലപ്പുറം), പി ടി മുഹമ്മദ് ബാസിത് (അണ്ടർ 21– കോഴിക്കോട്). മധ്യനിരക്കാർ: അർജുൻ ജയരാജ് (മലപ്പുറം), പി അഖിൽ (എറണാകുളം), കെ സൽമാൻ (മലപ്പുറം), എം ഫസലു റഹ്മാൻ (മലപ്പുറം), എൻ എസ് ഷിഗിൽ (അണ്ടർ 21– മലപ്പുറം), പി എൻ നൗഫൽ (കോഴിക്കോട്), നിജോ ഗിൽബർട്ട് (തിരുവനന്തപുരം), കെ മുഹമ്മദ് റാഷിദ് (വയനാട്), ജിജോ ജോസഫ് (ക്യാപ്റ്റൻ– തിരുവനന്തപുരം). മുന്നേറ്റക്കാർ: എം വിഘ്നേഷ് (തിരുവനന്തപുരം), ടി കെ ജസീൻ (മലപ്പുറം), മുഹമ്മദ് സഫ്നാദ് (അണ്ടർ 21– വയനാട്).
മുഖ്യപരിശീലകൻ: ബിനോ ജോർജ്, സഹപരിശീലകൻ: ടി ജി പുരുഷോത്തമൻ. ഗോൾകീപ്പർ പരിശീലകൻ: സജി ജോയി, ഫിസിയോ: മുഹമ്മദ്. മാനേജർ: മുഹമ്മദ് സലീം