കല്പ്പറ്റ > സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്നിന്ന് പലരില്നിന്നായി ലക്ഷങ്ങള് തട്ടിയെടുത്ത അന്തര് സംസ്ഥാന വിസ തട്ടിപ്പ് സംഘം പിടിയില്. പഞ്ചാബ് ബട്ടിന്ഡ സ്വദേശികളായ ചരണ്ജീത് കുമാര്, രാജ്നീഷ് കുമാര്, ഇന്ദര്പ്രീത് സിങ്, കപില് ഗര്ഗ് എന്നിവരാണ് പിടിയിലായത്. വയനാട് സൈബര് പൊലീസ് പഞ്ചാബില്നിന്നാണ് ഇവരെ പിടികൂടിയത്.
മീനങ്ങാടി സ്വദേശി അലന്ബെന്നി എന്നയാളില്നിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്തതായുള്ള പരാതിയിലാണ് അന്വേഷണം തുടങ്ങിയത്. കോട്ടയം, പത്തനംതിട്ട ഉള്പ്പെടെ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില് ഇവര് തട്ടിപ്പ് നടത്തിയതായി അന്വേഷണത്തില് കണ്ടെത്തി. പട്ട്യാല ആസ്ഥാനമായി വ്യാജ റിക്രൂട്ടിങ് ഏജന്സി നടത്തിയായിരുന്നു തട്ടിപ്പ്. കാനഡയിലേക്കുള്ള വിസയായിരുന്നു വാഗ്ദാനം. കല്പ്പറ്റ സൈബര് പൊലീസ് പഞ്ചാബിലെ ഇന്ത്യ–പാകിസ്ഥാന് അതിര്ത്തിയില്നിന്ന് അതിസാഹസികമായാണ് ഇവരെ പിടികൂടിയത്.
സമൂഹമാധ്യമങ്ങളില് പരസ്യം നല്കിയാണ് ഇവര് ആളുകളെ വലയില് വീഴ്ത്തിയത്. ബിഹാര്, അസം എന്നിവിടങ്ങളില്നിന്നുള്ള ഫോണ് നമ്പറുകളാണ് തട്ടിപ്പിന് ഉപയോഗിച്ചത്. പട്യാല കേന്ദ്രീകരിച്ചാണ് ഫോണ് ഉപയോഗിക്കുന്നതെന്ന് മനസ്സിലാക്കിയാണ് സൈബര് പൊലീസ് ഇവരെ വലയിലാക്കിയത്. തട്ടിപ്പ് സംഘത്തിലെ മുഖ്യകണ്ണിയായ സ്ത്രീയെ പിടികൂടാനുള്ള ശ്രമം തുടരുന്നതായി പൊലീസ് അറിയിച്ചു.