കൊച്ചി> തൊഴിലാളികൾക്കെതിരായ വിധിപറയാൻ കോടതികൾക്ക് പ്രത്യേക താൽപര്യമെന്ന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം. പണിമുടക്കാനുള്ള തൊഴിലാളികളുടെ നിയമപരമായ അവകാശം നിരോധിച്ച ഉത്തരവിനെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ഹൈക്കോടതിയിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിച്ചല്ല സമരം ചെയ്യുന്നത്. നിയമം നടപ്പിലാക്കലാണ് കോടതിയുടെ ചുമതല. നിയമപ്രകാരമാണ് ദേശീയ പണിമുടക്ക് നടത്തിയത്. എല്ലാ കമ്പനികൾക്കും 14 ദിവസം മുമ്പ് നോട്ടീസ് നൽകിയിരുന്നു. ജനങ്ങൾ നീതി കിട്ടുമെന്ന് പ്രതീക്ഷിച്ചാണ് നിയമത്തെ ബഹുമാനിക്കുന്നത്. നിമയത്തെ ബഹുമാനിക്കുന്നത് ഒരാളെയും പേടിച്ചിട്ടല്ല. ഇത് ബഹുമാനപ്പെട്ട കോടതി മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
മാർച്ച് 28, 29 തീയതികളിൽ നടന്ന ദേശീയ പണിമുടക്കിൽ പങ്കെടുക്കാനുള്ള തൊഴിലാളികളുടെ അവകാശത്തെ ചോദ്യംചെയ്ത് ഹൈക്കോടതി ഉത്തരവിറക്കിയതിനെതിരായാണ് സംയുക്ത ട്രേഡ് യൂണിയൻ സമരം നടത്തിയത്.