തിരുവനന്തപുരം
അതിഥിത്തൊഴിലാളികളെ കൊണ്ടുവരുന്ന ഏജന്റുമാരുടെ രജിസ്ട്രേഷൻ ഉറപ്പാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
അതിഥിത്തൊഴിലാളികളുടെ രജിസ്ട്രേഷനുവേണ്ടി ബിൽഡിങ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫയർ ഫണ്ട് ബോർഡ് വികസിപ്പിച്ച ‘ഗസ്റ്റ് ആപ്പി’ന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
അഞ്ചിലധികം തൊഴിലാളികളെ ജോലി ചെയ്യിപ്പിക്കുന്ന സ്ഥാപനങ്ങളുടെ ഉടമ രജിസ്റ്റർ ചെയ്യുകയും കോൺട്രാക്ടർമാർ ലൈസൻസ് എടുക്കുകയും വേണം. ഇതിന് നടപടി സ്വീകരിക്കാൻ മന്ത്രി തൊഴിൽവകുപ്പിന് നിർദേശം നൽകി. ബോർഡിലെയും തൊഴിൽവകുപ്പിലെയും ഉദ്യോഗസ്ഥർക്ക് തൊഴിലിടങ്ങളിൽ ചെന്ന് മൊബൈലിൽ ഫോട്ടോയെടുത്ത് അപേക്ഷ സ്വീകരിക്കാനുള്ള സൗകര്യം ഗസ്റ്റ് ആപ്പിൽ ഒരുക്കിയിട്ടുണ്ട്. ഐഡി കാർഡ് തൊഴിലാളികളുടെ വാട്സാപ്പിൽ ലഭിക്കും. അർഹരായവരെ പദ്ധതിയിൽ ഉൾപ്പെടുത്താൻ തൊഴിൽവകുപ്പ് പ്രത്യേക പരിശ്രമം നടത്തണമെന്ന് മന്ത്രി പറഞ്ഞു.