കൊച്ചി > വ്യാപാരിയെ മർദിച്ച് പണം കവർന്ന കേസിൽ അറസ്റ്റിലായ വാത്തുരുത്തി സ്വദേശിയും കോൺഗ്രസ് കൗൺസിലറുമായ ടിബിൻ ദേവസി ലോ കോളേജിലെ എസ്എഫ്ഐ കൊടിമരം തകർത്ത കേസിലെയും മുഖ്യപ്രതി. മദ്യലഹരിയിൽ മതിൽചാടിക്കടന്ന് കൊടിമരം തകർത്ത കേസിൽ ടിബിൻ റിമാൻഡിലായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യം എസ്എഫ്ഐ എറണാകുളം ജില്ലാ കമ്മിറ്റി ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിരുന്നു. ജയിലിൽനിന്ന് പുറത്തിറങ്ങി മാസങ്ങൾ കഴിയുംമുമ്പാണ് വീണ്ടും ക്രിമിനൽ കേസിൽ പ്രതിയാകുന്നത്. മുൻപ് മഹാരാജാസിലെ എസ്എഫ്ഐ കൊടിമരം തകർത്തതും ടിബിനും മറ്റൊരു ക്രിമിനലായ നോബലും ചേർന്നാണ്.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി വൈ ഷാജഹാന് ഒപ്പമായിരുന്നു ടിബിൻ ലോ കോളേജിലെ കൊടിമരം തകർത്തത്. അന്ന് ഈ ക്രിമിനലുകൾ കോളേജ് ആക്രമിക്കാൻ ഇറങ്ങുന്നതിനു തൊട്ട് മുൻപ് എറണാകുളം ഡിസിസി പ്രസിഡന്റിന്റെയും സ്ഥലം എംപി ഹൈബി ഈഡന്റേയും കൂടെയായിരുന്നുവെന്നും വ്യക്തമായിരുന്നു.
ടിബിനും നോബലും മഹാരാജാസിലെ എസ്എഫ്ഐ കൊടിമരം തകർക്കുന്നു
യൂത്ത് കോൺഗ്രസിന്റെ ജില്ലാ ജനറൽ സെക്രട്ടറിയായ ടിബിൻ നിരവധി കേസുകളിൽ പ്രതിയാണ്. മഹാരാജാസ് കോളേജിലെയും എറണാകുളം ഗവ. ലോ കോളേജിലെയും പഠനകാലത്ത് എസ്എഫ്ഐക്കാരെ മർദിച്ചതടക്കം ഒട്ടനവധി കേസുകളിൽ പ്രതിയാണ്.
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനൊപ്പം
2012-13ലെ എംജി സർവകലാശാല കലോത്സവം എറണാകുളത്ത് നടക്കുന്നതിനിടെ മാരകായുധങ്ങളുമായി കലോത്സവത്തിന് എത്തിയതിന് പൊലീസ് പിടിയിലായിട്ടുണ്ട്. കോൺഗ്രസ് നേതൃത്വത്തിന്റെയും ഹൈബി ഈഡന്റെയും വിശ്വസ്തനായതിനാൽ പല കേസുകളിൽനിന്നും രക്ഷപ്പെട്ടു.
കോൺഗ്രസ് നേതാക്കൾ ഏൽപ്പിക്കുന്ന ഗുണ്ടാപ്രവർത്തനങ്ങൾ വിശ്വസ്തതയോടെ ചെയ്യുന്നതിന്റെ പ്രതിഫലമായാണ് 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ കോർപറേഷനിൽ സീറ്റ് ലഭിച്ചത്. കോൺഗ്രസ് കുത്തകയായ വാത്തുരുത്തി ഡിവിഷനിൽനിന്ന് വിജയിച്ചു. കൗൺസിൽ യോഗങ്ങളിൽ ഡിവിഷനിലെ പ്രശ്നങ്ങൾ ഉന്നയിക്കുന്നതിനുപകരം രാഷ്ട്രീയ വിഷയങ്ങളിൽ തർക്കത്തിൽ ഏർപ്പെടുക പതിവാണ്. പലപ്പോഴും മേയറുമായി വാക്കുതർക്കത്തിൽ ഏർപ്പെടുന്ന നിലയുണ്ടായി.