തിരുവനന്തപുരം > കെഎസ്ഇബി മാനേജ്മെന്റ് സസ്പെൻഡ് ചെയ്ത തിരുവനന്തപുരം ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർ ജാസ്മിൻ ബാനുവിന് ഹൈക്കോടതിയിൽനിന്ന് അനുകൂലവിധി. മേലധികാരികളുടെ അനുമതിയോടെ നിയമാനുസൃതം അവധിയെടുത്തതിനാൽ സസ്പെൻഷൻ അന്യായമാണെന്ന് ഹൈക്കോടതി ഉത്തരവിൽ പറയുന്നു.
മേലധികാരികളായ ഡെപ്യൂട്ടി ചീഫ് എൻജിനിയറുടെയും ചീഫ് എൻജിനിയറുടെയും അനുവാദത്തോടെ ഡെപ്യൂട്ടി ചീഫ് എൻജിനിയർ നിർദേശിച്ച ഓഫീസർക്ക് ചുമതല കൈമാറിയാണ് ജാസ്മിൻ അവധിയെടുത്തത്. ചുമതല ഏറ്റെടുത്ത ഉദ്യോഗസ്ഥൻ ഔദ്യോഗിക യോഗങ്ങളിൽ പങ്കെടുക്കുകയും ഡിവിഷൻ ഓഫീസിന്റെ പ്രവർത്തനങ്ങൾ ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോയിട്ടുണ്ടെന്നും റിപ്പോർട്ടുമുണ്ട്. ഈ സാഹചര്യത്തിൽ സസ്പെൻഷൻ അന്യായമാണ്. മതിയായ കാരണങ്ങളില്ലാതെ ജീവനക്കാരെ സസ്പെൻഡ് ചെയ്യാനാകില്ല. സസ്പെൻഷൻ അന്യായമാണെന്നും നടപടി പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ഹർജിക്കാരി കെഎസ്ഇബി സിഎംഡിക്ക് അപേക്ഷ നൽകിയിട്ടുണ്ട്. ഹൈക്കോടതിയുടെ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ഈ അപേക്ഷയിൽ അഞ്ച് ദിവസത്തിനകം തീരുമാനമെടുക്കണമെന്നും ഉത്തരവിൽ പറയുന്നു.
അനധികൃതമായി അവധിയെടുത്തെന്ന് ആരോപിച്ചാണ് ജാസ്മിനെ ദേശീയ പണിമുടക്കിന്റെ ഒന്നാം ദിനം സസ്പെൻഡ് ചെയ്തത്. ചട്ടപ്രകാരമായിരുന്നു അവധിയെന്നുള്ള റിപ്പോർട്ട് അവഗണിച്ചായിരുന്നു സസ്പെൻഷൻ. സസ്പെൻഷനെതിരെ ജീവനക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ജാസ്മിന്റെ സസ്പെൻഷന് പിന്നാലെ ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം ജി സുരേഷ്കുമാറിനെയും സസ്പെൻഡ് ചെയ്തിരുന്നു. മാനേജ്മെന്റിന്റെ ഏകാധിപത്യ നടപടിക്കെതിരെ അസോസിയേഷൻ 11 മുതൽ അനശ്ചിതകാല സത്യഗ്രഹം പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് സിഎംഡിയുടെ നീക്കത്തിന് തിരിച്ചടിയായി ഹൈക്കോടതി വിധി വന്നത്.