സി എച്ച് കണാരൻ നഗർ
സാംസ്കാരികമായ പോരാട്ടവും ചരിത്രബോധം ഊട്ടിയുറപ്പിക്കലുമാണ് ഇന്നത്തെ ഏറ്റവും വലിയ രാഷ്ട്രീയപ്രവർത്തനമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി. ഇരുട്ടിന്റെ ശക്തികൾക്കെതിരായ വെളിച്ചത്തിന്റെ പോരാട്ടത്തിൽ വലിയ സമരമുന്നണി രൂപപ്പെടുത്തണം. സ്നേഹത്തിന്റെ പക്ഷത്തുനിൽക്കുന്ന എല്ലാവരെയും അതിൽ കണ്ണിചേർക്കണമെന്നും അദ്ദേഹം പറഞ്ഞു. പാർടി കോൺഗ്രസിന് അനുബന്ധമായ സാംസ്കാരികസമ്മേളനത്തിൽ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു ബേബി.
എല്ലാത്തരം ആധിപത്യത്തിനുമെതിരായ പോരാട്ടത്തിൽ സാംസ്കാരികപ്രവർത്തകർ ഇടതുപക്ഷത്തിനൊപ്പമാണ്.
സച്ചിദാനന്ദനെയും മുഹമ്മദ് യൂസഫ് തരിഗാമിയെയും ബന്ധിപ്പിക്കുന്നത് കശ്മീരിൽ കൊല്ലപ്പെട്ട ആസിഫ എന്ന പെൺകുട്ടിയുടെ വേദനയാണ്. ആസിഫയ്ക്ക് നീതി കിട്ടാനായി പോരാട്ടം നയിച്ചത് തരിഗാമിയാണ്. ആ രാഷ്ട്രീയം ഉൾക്കൊണ്ടാകണം സച്ചിദാനന്ദൻ ഉള്ളുപൊള്ളിക്കുന്ന കവിത രചിച്ചത്. അത് സാംസ്കാരികരംഗത്തുനിന്നുള്ള രാഷ്ട്രീയസമരമാണെന്നും ബേബി പറഞ്ഞു.