കണ്ണൂർ> സിൽവർ ലൈൻ വിരുദ്ധ വ്യാജ വാർത്തകളുടെ കാര്യത്തിൽ കോൺഗ്രസ്സിന്റെ നോട്ടീസ് ആയി മലയാള മനോരമ മാറിയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഫെയ്സ്ബുക്കിൽ കുറിച്ചു. കേരളത്തിന്റെ വികസനത്തിന് പുതിയ വേഗം പകരുന്ന സിൽവർ ലൈൻ പദ്ധതി പിണറായി സർക്കാർ നടപ്പാക്കാൻ പോകുന്നു എന്ന തിരിച്ചറിവ് ലഭിച്ച ദിവസം മുതൽ പദ്ധതിക്കെതിരെ വ്യാജ വാർത്തകളുമായി മലയാള മനോരമ രംഗത്തെത്തിയിരുന്നു. സിപിഐ എം പാർട്ടി കോൺഗ്രസ് ചർച്ച എന്ന പേരിൽ മുതലാളിയുടെ ആഗ്രഹങ്ങൾ പത്രത്തിലും ഓൺലൈൻ പതിപ്പിലും പടച്ചുവിട്ടു കൊണ്ടിരിക്കുകയാണ് മനോരമ പ്രവർത്തകർ.
സിൽവർലൈൻ പദ്ധതിയിൽ സിപിഐ എം കേന്ദ്ര – സംസ്ഥാന നേതൃത്വങ്ങൾ തമ്മിൽ അഭിപ്രായവ്യത്യാസമില്ലെന്നാണ് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവർത്തിച്ചു വ്യക്തമാക്കിയത്. ഏത് ഭാഷയിലാണ് ഇനി പറയേണ്ടതെന്നാണ് സഖാവ് യെച്ചൂരി അവസാനമായി മാധ്യമപ്രവർത്തകരോട് ചോദിച്ചത്. കേരളത്തിൽ വികസനമുണ്ടാകാൻ പാടില്ല എന്ന നിലപാടുള്ള ഒരു സംഘമാണ് സിൽവർലൈൻ പദ്ധതി തകർക്കാൻ ശ്രമിക്കുന്നതെന്നാണ് മറ്റൊരു പിബി അംഗം എസ് രാമചന്ദ്രൻ പിള്ള പറഞ്ഞത്. ഇക്കാര്യത്തിൽ സഖാക്കൾ സീതാറാം യെച്ചൂരിയും പിണറായിയും പറയുന്നത് ഒരേ കാര്യമാണെന്ന് ആവർത്തിച്ചു പറഞ്ഞിട്ടും നുണകൾ ഒന്നാം പേജിൽ തന്നെ പ്രധാന വാർത്തയായി അച്ചു നിരത്തുന്നതിൽ മനോരമയ്ക്ക് ഒരുളുപ്പും തോന്നുന്നില്ല.
കേരളത്തിൽ കമ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ വന്നാൽ വിഷം കഴിച്ചു ആത്മഹത്യ ചെയ്യുമെന്ന് പ്രഖ്യാപിച്ച കണ്ടത്തിൽ മാമ്മൻ മാപ്പിളയുടെ പിന്മുറക്കാർ ഇടതുഭരണത്തുടർച്ചയിൽ സമനില തെറ്റിയിരിക്കുകയാണ്. മനോരമ ഈ നിലയിൽ തുടരുന്നതിനാലാണ് കോൺഗ്രസ് മുഖപത്രം വീക്ഷണം ഗതി പിടിക്കാത്തത്. പാർട്ടി കോൺഗ്രസ് വേദിയിൽ നിന്ന് കാല കാലങ്ങളായി ഭാവനാ സമ്പന്നമായി പുറത്തു വിട്ട കഥകൾക്ക് ഇക്കുറി അവസരം ലഭിക്കാഞ്ഞതിൽ മനോരമയുടെ മുഴുവൻ വിഷമവും സിൽവർ ലൈൻ വ്യാജ വാർത്തയിലേക്ക് കേന്ദ്രീകരിച്ചിരിക്കുകയാണ്.
സിൽവർ ലൈൻ പദ്ധതിയെക്കുറിച്ചുള്ള സംവാദങ്ങൾ കേരളത്തിൽ നടന്നു വരുന്നുണ്ട്. എല്ലാ അഭിപ്രായങ്ങളും പരിഗണിച്ചു കൊണ്ടും ആശങ്കകൾ പരിഹരിച്ചു കൊണ്ടും സംസ്ഥാന സർക്കാർ സിൽവർ ലൈൻ നടപ്പിലാക്കുക തന്നെ ചെയ്യും. യുഡിഎഫ് പ്രചരണത്തിന് പത്രക്കടലാസുകൾ മുഴുവനായി നീക്കി വച്ചിരിക്കുന്ന മനോരമ വിമോചന സമര കാലമല്ല ഇതെന്ന് ഓർത്താൽ നന്ന്. ഇടതു പാതയിലൂടെ കേരളം മുന്നോട്ട് പോകും. നിങ്ങളുടെ അജണ്ടകളെ ഈ നാട് ചവറ്റു കുട്ടയിൽ എറിയുകയും ചെയ്യും