കൊച്ചി> എറണാകുളം അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് എറണാകുളം ബിഷപ്പ് ഹൗസിന് മുന്നിൽ വിശ്വാസികൾ ഏറ്റുമുട്ടി. ഏകീകൃത കുർബാനയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമാണ് പരസ്യമായി ഏറ്റുമുട്ടിയത്. എറണാകുളം അങ്കമാലി അതിരൂപതയിലും ഏകീകൃത കുർബാന നടപ്പാക്കുമെന്ന് കഴിഞ്ഞ ദിവസം സർക്കുലർ ഇറക്കിയ ആർച്ച് ബിഷപ്പ് ആന്റണി കരിയിലുമായി ചർച്ച നടത്തിയ ശേഷം വൈദികർ പുറത്തുവന്ന് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് ഏറ്റുമുട്ടല്.
ഏകീകൃത കുർബാന നടപ്പിലാക്കില്ലെന്നും ജനാഭിമുഖ കുർബാന തുടരുമെന്നും വൈദികർ അറിയിക്കുന്നതിനിടെ പുറത്ത് നിന്നിരുന്ന വിശ്വാസികൾ ബിഷപ്പ് ഹൗസിനുള്ളിലേക്ക് കയറി. അവരെ മറ്റുള്ളവർ ചേർന്ന് അടിച്ചോടിക്കുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന പോലീസ് ഗേറ്റ് പൂട്ടിയതിനാൽ വലിയ സംഘർഷം ഒഴിവായി.
ഏകീകൃത പ്രാർഥനക്കില്ലെന്ന് എറണാകുളം–അങ്കമാലി അതിരൂപത
ഏകീകൃത പ്രാർഥനാക്രമം നടപ്പാക്കാൻ നിർദ്ദേശിക്കുന്ന സർക്കുലർ ആർച്ച്ബിഷപ്പ് ആന്റണി കരിയിലിനെക്കൊണ്ട് നിർബന്ധപൂർവം ഒപ്പീടുവിച്ചതാണെന്ന് എറണാകുളം-അങ്കമാലി അതിരൂപത. വ്യാഴാഴ്ച ഇറങ്ങിയ സർക്കുലർ നിലനിൽക്കില്ലെന്നും അതിരൂപതയിൽ ജനാഭിമുഖ പ്രാർഥന തന്നെ തുടരുമെന്നും വാർത്താക്കുറിപ്പിൽ പറഞ്ഞു.
ഡിസംബർ 25 മുതൽ സിറോ മലബാർ സഭ സനഡ് തീരുമാനപ്രകാരമുള്ള പ്രാർഥനയിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ട് കർദ്ദിനാളിന്റെയും ആർച്ചുബിഷപ്പിന്റെയും ഒപ്പോടെയാണ് വ്യാഴാഴ്ചത്തെ സർക്കുലർ ഇറങ്ങിയത്. മൗണ്ട് സെന്റ് തോമസിലാണ് സർക്കുലർ തയ്യാറാക്കിയതെന്നും അതിൽ നിർബന്ധിച്ച് ഒപ്പിടീക്കുകയായിരുന്നെന്നും വൈദികയോഗത്തിൽ ആന്റണി കരിയിൽ വെളിപ്പെടുത്തിയതായും വാർത്താക്കുറിപ്പിൽ പറഞ്ഞു. കഴിഞ്ഞ രണ്ടുദിവസം ഓൺലൈനിൽ സിനഡ് യോഗം ചേർന്നിരുന്നു.
ഇത്തരത്തിൽ ഒരു സർക്കുലറിനെ കുറിച്ച് ആലോചിക്കരുതെന്നാണ് ആന്റണി കരിയിൽ ആവശ്യപ്പെട്ടത്. പിന്നീട് സിനഡ് അംഗങ്ങളുടെ സമ്മർദം മൂലമാണ് സർക്കുലറിൽ ഒപ്പിട്ടത്. അതിരൂപതയുടെ ഭരണചുമതല മെത്രാപ്പോലീത്തൻ വികാരിക്കാണ് . സർക്കുലറിൽ കർദിനാൾ ജോർജ് ആലഞ്ചേരിയുടെ ഒപ്പ് അംഗീകരിക്കില്ലെന്നും വൈദിക യോഗം തീരുമാനിച്ചതായി അതിരൂപത വാർത്താക്കുറിപ്പിൽ പറഞ്ഞു.