കണ്ണൂർ > കെഎസ്ഇബിയിലെ ഇടത് സംഘടനയുടെ പ്രസിഡന്റായ എം ജി സുരേഷ് കുമാറിനെ സസ്പെൻഡ് ചെയ്ത ചെയർമാൻ ബി അശോകിന്റെ നടപടി ശരിയല്ലെന്ന് മുൻ വൈദ്യുതി മന്ത്രി കൂടിയായി എം എം മണി. തോന്നിയത് പോലെ ചെയ്യാൻ ഇത് അടിയന്തരാവസ്ഥാകാലമല്ലെന്നും തൊഴിലാളി യൂണിയനുകളെ അടിച്ചമർത്താൻ ശ്രമിക്കരുതെന്നും എം എം മണി പറഞ്ഞു.
സുരേഷ് കുമാറിനെ തിരിച്ചെടുക്കണമെന്നും ഇക്കാര്യം വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പരിശോധിക്കണമെന്നും എം എം മണി ആവശ്യപ്പെട്ടു.
കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം ജി സുരേഷ് കുമാറിനെ കഴിഞ്ഞ ദിവസമാണ് ബോര്‍ഡ് ചെയർമാൻ സസ്പെൻഡ് ചെയ്തത്. സർവ്വീസ് ചട്ടങ്ങൾക്ക് വിരുദ്ധമായി സമരത്തിന് ആഹ്വാനം ചെയ്തുവെന്നും കെഎസ് ഇബി ചെയർമാൻ സ്ത്രീത്വത്തെ അവഹേളിച്ചുവെന്ന അടിസ്ഥാനരഹിതമായ ആക്ഷേപം ഉന്നയിച്ചുവെന്നും ചൂണ്ടിക്കാണിച്ചാണ് സസ്പെൻഷൻ.
ആരായാലും നിയമവും ചട്ടവും പാലിച്ചേ മുന്നോട്ട് പോകാനാകൂ എന്നാണ് മന്ത്രി കെ കൃഷ്ണൻകുട്ടി ഇതിനോട് പ്രതികരിച്ചത്.