കണ്ണൂർ > ജാതി അധിക്ഷേപം ബിജെപിയെപ്പോലെ കോൺഗ്രസ്സ് ശീലമാക്കിയിരിക്കുകയാണെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹീം. തിരുതാ തോമയെന്നുവിളിച്ച് കോൺഗ്രസ്സുകാർ അവഹേളിക്കുകയാണെന്ന കെ വി തോമസിന്റെ പ്രതികരണത്തിലാണ് റഹീമിന്റെ വിമർശനം.
കേരളത്തിന്റെ സർവ്വാദരണീയനായ മുഖ്യമന്ത്രിയെ “ചെത്തുകാരന്റെ മകൻ’ എന്ന് വിളിച്ചു ആക്ഷേപിക്കാൻ ശ്രമിച്ചതും
ഇതേ കോൺഗ്രസാണ്. ചെത്തുകാരന്റെ മകൻ ചെത്താൻ പോകണമെന്നും ഞങ്ങളെ ഭരിക്കേണ്ടതില്ലെന്നുമാണ് കോൺഗ്രസ്സ് ബോധം. മത്സ്യത്തൊഴിലാളി കുടുംബത്തിൽ നിന്നും വന്ന ഒരാൾ മീൻ പിടിക്കാൻ പോകേണ്ടതിന് പകരം കോളേജ് അധ്യാപകനാകുന്നു, പലതവണ ജനപ്രതിനിധിയും മന്ത്രിയുമാകുന്നു… “ഇവനൊക്കെ ഇത്രയൊക്കെ ആയത് പോരെ…’ തന്റെ കൂടെയുള്ളവരുടെ ഈ മാനസികാവസ്ഥയെ കുറിച്ചാണ് കെ വി തോമസ് ഇന്നലെ നെഞ്ചുപൊട്ടി പറഞ്ഞത്.
മുഖ്യമന്ത്രിയെ രാഷ്ട്രീയമായി നേരിടാനും, കെ വി തോമസിനെ, രാജ്യത്തിന്റെ ഭാവിയെക്കുറിച്ചു ചർച്ചചെയ്യുന്ന ഒരു സെമിനാറിൽ നിന്ന് എന്തിന് വിലക്കുന്നു എന്ന് യുക്തിസഹമായി വിശദീകരിക്കാനും കഴിയാതെവരുമ്പോൾ, ജാതിയും കുലവും പറഞ്ഞു അധിക്ഷേപിക്കുന്ന കോൺഗ്രസ്സ് സംസ്കാരത്തിന് പുരോഗമന കേരളം മറുപടി നൽകുമെന്നും റഹീം ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.















