മനാമ
ആഭ്യന്തരസംഘര്‍ഷം രൂക്ഷമായ യമനിൽ പുതുതായി രൂപീകരിച്ച പ്രസിഡൻഷ്യൽ കൗൺസിലിന് അധികാരം കൈമാറി പ്രസിഡന്റ് അബ്ദ്റബ്ബ് മൻസൂർ ഹാദി. യമന്റെ രാഷ്ട്രീയ, സൈനിക, സുരക്ഷാ മേഖലകളിൽ പൂർണ അധികാരം കൗൺസിലിനായിരിക്കും. വൈസ് പ്രസിഡന്റ് അലി മൊഹ്സിൻ അൽഅഹ്മറിനെ ചുമതലയിൽനിന്ന് നീക്കി.
സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ നടന്ന ചർച്ചകളുടെ അവസാന ദിവസമാണ് തീരുമാനം. 2014 മുതൽ ഹാദിയുടെ ഉപദേശകനും മുൻ ആഭ്യന്തരമന്ത്രിയുമായിരുന്ന മുഹമ്മദ് അൽഅലീമിയുടെ നേതൃത്വത്തിലുള്ള കൗൺസിലിൽഎട്ട് അംഗങ്ങളാണുള്ളത്. സ്ഥിരമായി വെടിനിർത്തലിന് ഹൂതികളുമായുള്ള ചർച്ചകൾക്ക് നേതൃത്വം നൽകുന്നത് ഇനി കൗൺസിൽ ആയിരിക്കും. ഹൂതി വിമതരുമായുള്ള വര്‍ഷങ്ങള്‍ നീണ്ട യുദ്ധം അവസാനിപ്പിക്കാന്‍ ചർച്ച പുനരുജ്ജീവിപ്പിക്കാനുള്ള യുഎൻ ശ്രമത്തിന് നീക്കം ശക്തി പകരും. ഹൂതികളുമായി ചർച്ച ആരംഭിക്കാൻ സൗദി അറേബ്യ പുതിയ കൗൺസിലിനോട് അഭ്യര്‍ത്ഥിച്ചു.2012 ഫെബ്രുവരി 25ന് ആണ് ഹാദി യമന്റെ പ്രസിഡന്റായത്.