കോട്ടയം > മിമിക്രി കലാകാരൻ ചങ്ങനാശേരി ഏനാച്ചിറ മുണ്ടേട്ട് പുതുപ്പറമ്പിൽ ലെനീഷിനെ(31) കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും. ലെനീഷിന്റെ കാമുകിയായിരുന്ന തൃക്കൊടിത്താനം കടമാൻചിറ പാറയിൽ പുതുപ്പറമ്പിൽ ശ്രീകല, ക്വട്ടേഷൻ സംഘാംഗങ്ങളായ മാമ്മൂട് കണിച്ചുകുളം വെട്ടിത്താനം ഷിജോ സെബാസ്റ്റ്യൻ (37), ദൈവംപടി ഗോപാലശേരിൽ ശ്യാംകുമാർ (ഹിപ്പി ശ്യാം–-40), വിത്തിരിക്കുന്നേൽ രമേശൻ (ജൂഡോ രമേശൻ–-37) എന്നിവർക്കാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി വി ബി സുജയമ്മ ശിക്ഷ വിധിച്ചത്.
പ്രതികളുടെ മേൽ കൊലപാതകത്തിനുപുറമെ ഗൂഢാലോചന, തെളിവ് നശിപ്പിക്കാൽ, സംഘം ചേരൽ, പ്രേരണാക്കുറ്റം തുടങ്ങിയ വകുപ്പുകളും ചുമത്തി. ഒന്നാം പ്രതിയായ ശ്രീകലക്ക് 80,000 രൂപയും മറ്റു മൂന്നുപേർക്ക് 55,000 രൂപ വീതവുമാണ് പിഴ. പ്രതികൾ പിഴയടച്ചില്ലെങ്കിൽ അധിക തടവുശിക്ഷ അനുഭവിക്കണം. പിഴത്തുകയിൽ നിന്ന് ഒരുലക്ഷം രൂപ മരിച്ച ലെനീഷിന്റെ അച്ഛൻ ലത്തീഫിന് നഷ്ടപരിഹാരമായി നൽകണം.
മറ്റൊരു സ്ത്രീയുമായി ലെനീഷ് ബന്ധം സ്ഥാപിച്ചതിലുള്ള വൈരാഗ്യം മൂലം ശ്രീകല ക്വട്ടേഷൻ സംഘത്തെ ഏർപ്പെടുത്തി ലെനീഷിനെ കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. 2013 നവംബർ 22നായിരുന്നു കേസിനാസ്പദമായ സംഭവം. അന്നത്തെ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എസ് സുരേഷ്കുമാറിന്റെ നേതൃത്വത്തിൽ പാമ്പാടി സിഐ ആയിരുന്ന സാജു വർഗീസാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി ഗിരിജ ബിജു ഹാജരായി.