കൊച്ചി> സിൽവർ ലൈൻ പദ്ധതിയിൽ കേന്ദ്ര സർക്കാർ ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി. പദ്ധതി സംബന്ധിച്ച് വെള്ളിയാഴ്ച നിലപാടറിയിക്കാൻ ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് നിർദേശിച്ചു. കെ റെയിലിൽ കേന്ദ്രവും സംസ്ഥാനവും തുല്യ പങ്കാളികളാണ്. അതുകൊണ്ട് നിലപാട് വ്യക്തമാക്കാൻ കേന്ദ്ര സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും കോടതി വ്യക്തമാക്കി.
സർവേയും ഭൂമി ഏറ്റെടുക്കലും ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹർജികൾ പരിഗണിക്കവെയാണ് ജസ്റ്റീസ് ദേവൻ രാമചന്ദ്രന്റെ നിർദേശം. പദ്ധതിക്ക് കേന്ദ്രം അനുകൂലമാണോ പ്രതികൂലമാണോ എന്നറിയണം. ഇക്കാര്യത്തിൽ വ്യക്തയില്ല. ഡിപിആർ പരിഗണനയിലാണ്, റെയിൽവേ ഭൂമിയിൽ സർവ്വേക്ക് അനുമതി നൽകിയിട്ടില്ല എന്നീ കാര്യങ്ങൾ മാത്രമാണ് കേന്ദ്രം അറിയിച്ചിട്ടുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി.
നാലുകാര്യങ്ങളിൽ വ്യക്തത വേണം. സർവേ മുൻകൂർ നോട്ടീസോ, അറിയിപ്പോ പ്രസിദ്ധീകരിച്ചതിന് ശേഷമാണോ, സാമൂഹിക പഠനം നടത്താൻ അനുമതിയുണ്ടോ, സ്ഥാപിക്കുന്ന കല്ലുകൾ നിയമാനുസൃത വലുപ്പമുള്ളതാണോ, സിൽവർലൈൻ പുതുച്ചേരിയിലുടെ കടന്നുപോകുന്നുണ്ടോ എന്നീ കാര്യങ്ങൾ വിശദീകരിക്കണം. ഉദ്യോഗസ്ഥർ തിടുക്കത്തിൽ ഭൂമിയിൽ കയറി സർവ്വേ നടത്തുന്നത് ജനങ്ങളിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. സാമൂഹീക ആഘാത പoനത്തിന്റെ പേരിൽ ആളുകളെ ഭയപ്പെടുത്തുകയാണന്നും ഭൂമിയിൽ വലിയ കല്ലുകൾ സ്ഥാപിച്ചാൽ ബാങ്കുകൾ ലോൺ നൽകുമോ എന്നും കോടതി ആരാഞ്ഞു. കേസ് വെള്ളിയാഴ്ച പരിഗണിക്കും.