കൊച്ചി > സിപിഐ എം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാൻ കെ വി തോമസിന് വിലക്കേർപ്പെടുത്തിയ കോൺഗ്രസ് നടപടിയിൽ ചോദ്യങ്ങളുമായി സമൂഹമാധ്യമങ്ങൾ. മുൻകാലങ്ങളിൽ സിപിഐ എം സംഘടിപ്പിച്ച സെമിനാറുകളിൽ രമേശ് ചെന്നിത്തല അടക്കമുള്ള കോൺഗ്രസ് നേതാക്കൾ പങ്കെടുത്തപ്പോഴൊന്നും ആരും വിലക്കേർപ്പെടുത്തിയിരുന്നില്ല. ഇപ്പോൾ ബിജെപിക്കെതിരായ സെമിനാറിൽ പങ്കെടുക്കാൻ വിലക്കേർപ്പെടുത്തുന്ന നടപടി വിചിത്രമെന്നാണ് പ്രതികരണങ്ങൾ.
2015 ൽ സിപിഐ എം സംസ്ഥാനസമ്മേളന സെമിനാറിന് രമേശ് ചെന്നിത്തല പങ്കെടുത്ത് സംസാരിക്കുന്ന ചിത്രം സഹിതം പങ്കുവച്ചാണ് കോൺഗ്രസിന്റെ നിലപാടിനെ ചോദ്യം ചെയ്യുന്നത്. കെ വി തോമസ് സെമിനാറിൽ പങ്കെടുത്താൽ “അന്ത്യവിശ്രമത്തിന് തെമ്മാടിക്കുഴിയിൽ പോലും സ്ഥാനം ലഭിക്കില്ല’ എന്നുള്ള ചെറിയാൻ ഫിലിപ്പിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലും നിരവധി ചോദ്യങ്ങളാണ് കമന്റായി ഉള്ളത്. അന്ന് സെമിനാറിനെത്തിയ ചെന്നിത്തലയെ ചെറിയാൻ ഫിലിപ്പ് എകെജി സെന്ററിൽവച്ച് കാണുന്ന പഴയ ചിത്രവും ഫെയ്സ്ബുക്കിൽ കുത്തിപ്പൊക്കിയിട്ടുണ്ട്. അന്ന് അദ്ദേഹത്തെ ആരും “തെമ്മാടിക്കുഴിയിലേക്ക്’ അയക്കാഞ്ഞതെന്തേ എന്നാണ് ചെറിയാൻ ഫിലിപ്പിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലെ കമന്റുകൾ.
കെപിസിസിയുടെ വിലക്ക് അവഗണിച്ച് കണ്ണൂരിൽ നടക്കുന്ന സിപിഐ എം പാർടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിൽ പങ്കെടുക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ് അറിയിച്ചിരുന്നു. വർഗീയതക്കെതിരായ ദേശീയ സെമിനാറാണ് നടക്കുന്നത്. അതിൽ പങ്കെടുത്ത് ബിജെപിക്കെതിരെ സംസാരിക്കും. ദേശീയതലത്തിൽ എല്ലാ കക്ഷികളും വർഗീയതക്കെതിരെ ഒന്നിച്ച് നിൽക്കേണ്ടതിന്റെ ആവശ്യകത വർദ്ധിച്ച ഒരുകാലം കൂടിയാണിത്. കോൺഗ്രസിനും അതിൽനിന്ന് മാറിനിൽക്കാൻ കഴിയില്ലെന്നും വാർത്താസമ്മേളനത്തിൽ കെ വി തോമസ് പറഞ്ഞു.
എഐസിസി അംഗമായ കെവി തോമസ് പാർടികോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിൽ പങ്കെടുക്കുന്നത് കോൺഗ്രസ് വിലക്കിയിരുന്നു. തുടർന്നാണ് തന്റെ നിലപാട് കെ വി തോമസ് വ്യക്തമാക്കിയത്. സെമിനാറിൽ പങ്കെടുക്കുന്ന കാര്യം സോണിയഗാന്ധിയേയും താരിഖ് അൻവറിനേയും അറിയിച്ചിരുന്നു. കേരളത്തിന് പുറത്ത് കോൺഗ്രസും സിപിഐ എമ്മും സഹകരിക്കുന്നുണ്ട്. പിന്നെന്തിനാണ് ഈ വിരോധമെന്നും തോമസ് ചോദിച്ചു.