കണ്ണൂര്> ബിജെപിയെ പരാജയപ്പെടുത്തുകയെന്നതാണ് സിപിഐ എമ്മിന്റെ മുഖ്യദൗത്യമെന്നും ഇതിനായി പാര്ട്ടിയെ ശക്തിപ്പെടുത്തുമെന്നും ജനറല് സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കണ്ണൂരില് വാര്ത്താസമ്മേളനത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തില് വര്ഗീയ ചേരിതിരിവിനാണ് ബിജെപി ശ്രമിക്കുന്നത്. ഹിജാബും ഹലാലുമാണ് ബിജെപി ആയുധം. ബിജെപിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഇടതുപക്ഷം സ്വീകരിക്കുന്നത്. ഹിന്ദുത്വ അജണ്ടയെ നേരിടാന് മതനിരപേക്ഷ നിലപാട് വേണം. സ്വയം ശക്തിപ്പെടുത്തുകയും ഇടത് ഐക്യം കൊണ്ടുവരുകയുമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മതനിരപേക്ഷ സഖ്യത്തില് ഉണ്ടെന്നോ ഇല്ലെന്നോ കോണ്ഗ്രസ് ഇതുവരെ പറഞ്ഞിട്ടില്ല. സിപിഐ എം സെമിനാറില് പോലും പങ്കെടുക്കാന് കോണ്ഗ്രസ് തയ്യാറാവുന്നില്ലെന്നും യെച്ചൂരി മാധ്യമപ്രവര്ത്തകരുടെ ചോദ്യത്തിന് മറുപടി നല്കി.
ഇന്ധനവിലയാണ് ഇന്ന് രാജ്യം നേരിടുന്ന പ്രധാനവെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു. ഇന്ധനത്തിനുമേലുള്ള സെസുകള് പിന്വലിക്കണം. നികുതി കുറച്ച് ഇന്ധനവില നിയന്ത്രിക്കണമെന്നും അദ്ദേഹം പറഞ്ഞു. കരട് രാഷ്ട്രീയ പ്രമേയത്തില് ചര്ച്ച പുരോഗമിക്കുകയാണെന്നും യെച്ചൂരി വ്യക്തമാക്കി. 12 പേര് നിലവില് ചര്ച്ചയില് പങ്കെടുത്തു. കരട് പ്രമേയത്തിന് 4001 ഭേദഗതി ലഭിച്ചു. കരട് രാഷ്ട്രീയ പ്രമേയത്തില് ചര്ച്ച നാളെ പൂര്ത്തിയാവുമെന്നും യെച്ചൂരി പറഞ്ഞു.