കൊച്ചി> കണ്ണൂരിൽ നടക്കുന്ന സിപിഐ എം പാർടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിൽ പങ്കെടുക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ്. വർഗീയതക്കെതിരായ ദേശീയ സെമിനാറാണ് നടക്കുന്നത്. അതിൽ പങ്കെടുത്ത് ബിജെപിക്കെതിരെ സംസാരിക്കും. ദേശീയതലത്തിൽ എല്ലാ കക്ഷികളും വർഗീയതക്കെതിരെ ഒന്നിച്ച് നിൽക്കേണ്ടതിന്റെ ആവശ്യകത വർദ്ധിച്ച ഒരുകാലം കൂടിയാണിത്. കോൺഗ്രസിനും അതിൽനിന്ന് മാറിനിൽക്കാൻ കഴിയില്ലെന്നും വാർത്താസമ്മേളനത്തിൽ കെ വി തോമസ് പറഞ്ഞു.
എഐസിസി അംഗമായ കെവി തോമസ് പാർടികോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിൽ പങ്കെടുക്കുന്നത് കോൺഗ്രസ് വിലക്കിയിരുന്നു. തുടർന്നാണ് തന്റെ നിലപാട് കെ വി തോമസ് വ്യക്തമാക്കിയത്.
‘സെമിനാറിൽ പങ്കെടുത്താൽ പാർടിയിൽനിന്ന് പുറത്താക്കുമെന്നാണ് കോൺഗ്രസ് നേതൃത്വം അറിയിച്ചത്. മുതിർന്ന നേതാവായ എന്നോട് ഇങ്ങനെയാണോ പാർടി ഇടപെടേണ്ടത്. എന്തുതെറ്റാണ് ഞാൻ ചെയ്തത്. ഏറ്റെടുത്ത ഉത്തരവാദിത്വങ്ങൾ എല്ലാം നന്നായി നിറവേറ്റി. 7 പ്രാവശ്യം തെരഞ്ഞെടുപ്പിൽ ജയിച്ചതാണോ ഞാൻ ചെയ്ത് തെറ്റ്. അത് എനിക്കുള്ള ജനകീയ അംഗീകാരമല്ലേ. സോണിയാഗാന്ധിയോട് എല്ലാ ബഹുമാനവും ഉണ്ട്. എന്നാൽ 2 വർഷമായി ഡൽഹിയിൽ ചെന്നിട്ടും രാഹുൽഗാന്ധിയെ കാണാൻ കഴിഞ്ഞിട്ടില്ല. കെ സി വേണുഗോപാലിനെ നേരിൽകണ്ട് ആവശ്യപ്പെട്ടിട്ടും രാഹുൽ ഗാന്ധിയെ കാണാൽ കഴിഞ്ഞില്ല. അത്രമാത്രം അപമാനമാണ് നേരിടുന്നത്’. കെ വി തോമസ് പറഞ്ഞു.