തിരുവനന്തപുരം
സോളാർ ലൈംഗിക പീഡനക്കേസിൽ പരാതിക്കാരി ഇതുവരെ നൽകിയ മൊഴികൾ പ്രതികളെ ചോദ്യം ചെയ്യാൻ പര്യാപ്തമെന്ന് സിബിഐ. എന്നാൽ, തെളിവെടുപ്പിന്റെ പകുതി ഘട്ടമെങ്കിലും കഴിഞ്ഞശേഷം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഉൾപ്പെടെയുള്ളവരെ ചോദ്യംചെയ്താൽ മതിയെന്നാണ് തീരുമാനം.
തെളിവെടുക്കലും സാക്ഷിമൊഴി രേഖപ്പെടുത്തുന്ന നടപടികളും പുരോഗമിക്കുകയാണ്. പ്രാഥമികാന്വേഷണത്തിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ സിബിഐ സാക്ഷികളുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. വ്യാഴവും സിബിഐ തിരുവനന്തപുരം യൂണിറ്റിൽ കേസുമായി ബന്ധപ്പെട്ട് ചിലരെ വിളിപ്പിച്ചതായാണ് വിവരം. ലഭ്യമായ വിവരങ്ങളും പരാതിക്കാരിയുടെ മൊഴിയും ഒത്തുനോക്കി വിശ്വാസ്യത ഉറപ്പിക്കുകയാണ് അന്വേഷക സംഘം.
കഴിഞ്ഞ ദിവസം എംഎൽഎ ഹോസ്റ്റലിൽ സിബിഐ തെളിവെടുപ്പ് നടത്തിയിരുന്നു. ഹൈബി ഈഡൻ എംഎൽഎ ആയിരുന്നപ്പോൾ താമസിച്ച മുറിയിലായിരുന്നു തെളിവെടുപ്പ് നടത്തിയത്. 2021 ജനുവരിയിലാണ് സോളാർ ലൈംഗിക പീഡന കേസ് സിബിഐക്ക് വിട്ടത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, എംപിമാരായ അടൂർ പ്രകാശ്, ഹൈബി ഈഡൻ, എ പി അനിൽകുമാർ എംഎൽഎ, ഉമ്മൻചാണ്ടിയുടെ സന്തത സഹചാരി തോമസ് കുരുവിള, ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടി എന്നിവർക്കെതിരെയാണ് കേസ്. ലൈംഗിക പീഡനം, സാമ്പത്തികത്തട്ടിപ്പ് തുടങ്ങിയ വകുപ്പുകൾ ചുമത്തി ആറ് എഫ്ഐആറാണുള്ളത്. ലൈംഗികാതിക്രമം, വഞ്ചന, കുറ്റകൃത്യങ്ങളിൽ പങ്കാളിയാകൽ എന്നിവയാണ് ഉമ്മൻചാണ്ടിക്കും തോമസ് കുരുവിളയ്ക്കുമെതിരെയുള്ള കുറ്റം. മറ്റുള്ളവർക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനും അടൂർ പ്രകാശ് ഒഴികെയുള്ളവരുടെയെല്ലാം പേരിൽ ലൈംഗിക പീഡനത്തിനും കുറ്റം ചുമത്തി. അടൂർ പ്രകാശിനും അബ്ദുള്ളക്കുട്ടിക്കും ലൈംഗികച്ചുവയുള്ള സംഭാഷണങ്ങളുമായി പിറകെ നടന്ന് ശല്യം ചെയ്തതിനുള്ള കുറ്റവുമുണ്ട്. വധഭീഷണി മുഴക്കിയെന്നതും അബ്ദുള്ളക്കുട്ടിക്കെതിരെയുള്ള വകുപ്പുകളിലുണ്ട്.