കണ്ണൂർ> ആർഎസ്എസ് രാജ്യത്തിന് തന്നെ ഭീഷണിയാണെന്നും ബിജെപി ആർഎസ്എസ് ഭരണത്തിൻ കീഴിൽ മതപരവും ജാതിപരവുമായ വേർതിരിവുകൾ തഴച്ചുവളരുകയാണെന്നും സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. സിപിഐ എം 23-ാം പാർട്ടി കോൺഗ്രസിനെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആർഎസ്എസിനെ പ്രത്യയശാസ്ത്രപരമായി വെല്ലുവിളിക്കാനും പരാജയപ്പെടുത്താനും ഇടതുപക്ഷത്തിന് മാത്രമേ കഴിയൂ. ഇതിന് സമൂഹത്തിലെ എല്ലാ പുരോഗമന, മതേതര, ജനാധിപത്യ കക്ഷികളും ഒന്നാവണം. മറ്റ് മതനിരപേക്ഷ, ജനാധിപത്യ, പ്രാദേശിക പാർട്ടികളുമായി സഹകരിച്ച് ഇടതുപക്ഷം ആ പങ്ക് വഹിക്കാൻ സജ്ജമാവണം. അത് നമ്മുടെ ചരിത്രപരമായ ഉത്തരവാദിത്തമാണെന്ന് നാം മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. ജാതി വ്യവസ്ഥയ്ക്കും പുരുഷാധിപത്യത്തിനും എതിരായ പോരാട്ടവും ഗൗരവമായി കാണണം.
ആർഎസ്എസിനെ രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും പരാജയപ്പെടുത്താൻ ആവശ്യമായ ഐക്യം എങ്ങനെ കൈവരിക്കാമെന്ന ആത്മപരിശോധനയിൽ നാം ഏർപ്പെടണം. സിപിഐ എം 23-ാം പാർട്ടി കോൺഗ്രസിലും ഒക്ടോബറിൽ നടക്കുന്ന സിപിഐ 24-ാം മത് പാർട്ടി കോൺഗ്രസിലും ഈ പ്രശ്നങ്ങളെല്ലാം ആത്മപരിശോധന നടത്താണമെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എമ്മിന്റെ 23-ാം കോൺഗ്രസിന്റെ ചർച്ചകൾ ഇടതുപക്ഷ ഐക്യത്തിനും ആർഎസ്എസ്-ബിജെപി കൂട്ടുകെട്ടിനെതിരായ ജനകീയ സമരങ്ങൾക്കും സംഭാവന നൽകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.