കൊച്ചി > ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി) സംസ്ഥാന ജനറൽ സെക്രട്ടറി എസ് എസ് അനിൽ വെള്ളിയാഴ്ച കനറാ ബാങ്കിൽനിന്നും വിരമിക്കും. ബെഫി അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, കനറാ ബാങ്ക് സ്റ്റാഫ് യൂണിയൻ അഖിലേന്ത്യാ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ കൂടി വഹിക്കുന്ന അനിൽ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗവുമാണ്.
ബാങ്കിംഗ് -ധനകാര്യ മേഖലകളുമായി ബന്ധപ്പെട്ട് നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. 1986 ൽ കനറാ ബാങ്ക് മലപ്പുറം എടപ്പാൾ ശാഖയിൽ ക്ലർക്കായി ജോലിയിൽ പ്രവേശിച്ചു. പിന്നീട് എറണാകുളം ജില്ലയിലെ ഏഴിക്കര, ശ്രീമൂലനഗരം, ബ്രോഡ്വേ, ബാനർജി റോഡ്, അക്കൗണ്ട്സ് സെക്ഷൻ എന്നിവടങ്ങളിൽ ജോലി ചെയ്തു. ബെഫി പറവൂർ ഏരിയ സെക്രട്ടറി, എറണാകുളം ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. 2016 മുതൽ സംസ്ഥാന ജനറൽ സെക്രട്ടറിയാണ്.
ബാങ്കുകളിൽ തുച്ഛ ശമ്പളത്തിന് ജോലി ചെയ്യുന്ന താല്ക്കാലിക ജീവനക്കാരെ സംഘടിപ്പിക്കാനും അവർക്ക് ന്യായമായ ദിവസക്കൂലി ഉറപ്പു വരുത്തുന്നതിനുമുള്ള പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചു. സാധ്യമായ നിയമപരമായ ഇടപെടലുകൾ നടത്തി അസംഘടിതരായ താത്കാലിക ജീവനക്കാർക്ക് ആശ്വാസമെത്തിക്കാൻ കഴിഞ്ഞു. ബാങ്ക് ലയനങ്ങൾക്കും സ്വകാര്യവൽക്കരണത്തിനുമെതിരെ പൊതു സമൂഹവുമായി ചേർന്ന് നിരവധി സമരങ്ങൾക്കും, പ്രചരണ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി. കനറാ ബാങ്ക് എറണാകുളം സൗത്തിലെ അക്കൗണ്ട്സ് സെക്ഷനിൽ നിന്നാണ് വിരമിക്കുന്നത്. സംഘടനാ പ്രവർത്തനത്തിനായി ഔദ്യോഗിക സ്ഥാനക്കയറ്റങ്ങൾ സ്വീകരിക്കാത്തതിനാൽ ക്ലറിക്കൽ തസ്തികയിൽ തന്നെയാണ് വിരമിക്കുന്നത്. നിയമ ബിരുദധാരിയായ അനിൽ ആലുവ മുപ്പത്തടം സ്വദേശിയാണ്.