തിരുവനന്തപുരം
സോളാർ ലൈംഗിക പീഡനക്കേസിൽ പ്രതിപ്പട്ടികയിലുള്ള കോൺഗ്രസ് നേതാവ് ഹൈബി ഈഡൻ എംപി താമസിച്ചിരുന്ന എംഎൽഎ ഹോസ്റ്റൽ മുറിയിൽ സിബിഐ തെളിവെടുപ്പ് നടത്തി. എംഎൽഎ ആയിരുന്നപ്പോൾ താമസിച്ചിരുന്ന ‘നിള’ ബ്ലോക്കിലെ 34–-ാം നമ്പർ മുറിയിലാണ് പരാതിക്കാരിയുമായി അന്വേഷകസംഘം എത്തിയത്. കഴിഞ്ഞ ദിവസം ഡൽഹി കേരള ഹൗസിൽ ജീവനക്കാരുടെ മൊഴിയെടുത്തിരുന്നു. ഹൈബി ഈഡൻ എംഎൽഎ ഹോസ്റ്റൽ മുറിയിയിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. സംഭവ ദിവസം മുറിയിൽ നടന്ന കാര്യങ്ങൾ പരാതിക്കാരി വിശദീകരിച്ചു. സീൻ മഹസർ തയ്യാറാക്കിയതായാണ് വിവരം. ചൊവ്വ രാവിലെ 10.30ന് ആരംഭിച്ച പരിശോധന പകൽ രണ്ടോടെയാണ് അവസാനിച്ചത്. വരും ദിവസങ്ങളിലും തെളിവെടുപ്പും പരിശോധനയും തുടരും. ശേഷം ഉമ്മൻ ചാണ്ടി, കെ സി വേണുഗോപാൽ, ഹൈബി ഈഡൻ അടക്കമുള്ള കോൺഗ്രസ് നേതാക്കളെയും ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടിയെയും ചോദ്യം ചെയ്യും. ഇതിനകം സുപ്രധാന വിവരവും രേഖയും സിബിഐക്ക് ലഭിച്ചിട്ടുണ്ട്. 2021 ജനുവരിയിലാണ് സോളാർ ലൈംഗിക പീഡനക്കേസ് സിബിഐക്ക് വിട്ടത്.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, എംപിമാരായ അടൂർ പ്രകാശ്, ഹൈബി ഈഡൻ, എ പി അനിൽകുമാർ എംഎൽഎ, ഉമ്മൻചാണ്ടിയുടെ സന്തത സഹചാരി തോമസ് കുരുവിള, ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടി എന്നിവർക്കെതിരെയാണ് കേസ്. ലൈംഗിക പീഡനം, സാമ്പത്തികത്തട്ടിപ്പ് തുടങ്ങിയ വകുപ്പ് ചുമത്തി ആറ് എഫ്ഐആറാണുള്ളത്. ലൈംഗികാതിക്രമം, വഞ്ചന, കുറ്റകൃത്യത്തിൽ പങ്കാളിയാകൽ എന്നിവയാണ് ഉമ്മൻചാണ്ടിക്കും തോമസ് കുരുവിളയ്ക്കുമെതിരെയുള്ള കുറ്റം. മറ്റുള്ളവർക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനും അടൂർ പ്രകാശ് ഒഴികെയുള്ളവരുടെയെല്ലാം പേരിൽ ലൈംഗിക പീഡനത്തിനും കുറ്റം ചുമത്തി.
അടൂർ പ്രകാശിനും അബ്ദുള്ളക്കുട്ടിക്കും ലൈംഗികച്ചുവയുള്ള സംഭാഷണവുമായി പിറകെ നടന്ന് ശല്യം ചെയ്ത കുറ്റവുമുണ്ട്. വധഭീഷണി മുഴക്കിയ കുറ്റവും അബ്ദുള്ളക്കുട്ടിക്കെതിരെയുണ്ട്. കോവിഡ് വ്യാപനം രൂക്ഷമായതും പരാതിക്കാരി അസുഖബാധിതയായതുമാണ് അന്വേഷണം വൈകാൻ ഇടയാക്കിയത്. ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസ് ഇരയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സർക്കാർ സിബിഐക്ക് വിട്ടത്.
ലഭിച്ചത് നിർണായക
വിവരങ്ങൾ
സോളാർ കുംഭകോണക്കേസിൽ ലൈംഗികപീഡനം ആരോപിച്ച് യുവതി നൽകിയ കേസ് അന്വേഷിക്കുന്ന സിബിഐ സംഘത്തിനു ലഭിച്ചത് നിർണായകവിവരങ്ങൾ. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, മുൻമന്ത്രിമാരായ അടൂർ പ്രകാശ്, എ പി അനിൽകുമാർ, ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടി, ഉമ്മൻചാണ്ടിയുടെ സന്തതസഹചാരി തോമസ് കുരുവിള എന്നിവരെ ചോദ്യംചെയ്യാൻ പര്യാപ്തമായ തെളിവുകളും വിവരങ്ങളും ഇതിനകം ശേഖരിച്ചു.
എംഎൽഎ ഹോസ്റ്റലിനു പുറമെ പീഡനം നടന്ന ഗസ്റ്റ് ഹൗസുകളിലും ഔദ്യോഗിക വസതികളിലുംകൂടി തെളിവെടുപ്പും പരിശോധനയും പൂർത്തിയായശേഷം തുടർനടപടികളിലേക്ക് കടക്കാനാണ് തീരുമാനം. ഇതിന്റെ ആദ്യപടിയായാണ് ഹൈബി ഈഡൻ എംഎൽഎ ആയിരുന്നപ്പോൾ താമസിച്ച മുറിയിൽ ചൊവ്വാഴ്ച പരിശോധന നടത്തിയത്. സിബിഐ ഉദ്യോഗസ്ഥർക്കു മുന്നിൽ സംഭവദിവസം നടന്ന കാര്യങ്ങൾ പരാതിക്കാരി വിവരിച്ചു. 34–-ാം നമ്പർ മുറിക്കുള്ളിലേക്ക് വിളിപ്പിച്ചശേഷം ബലംപ്രയോഗിച്ച് ഹൈബി കീഴ്പ്പെടുത്തിയെന്ന് പരാതിക്കാരി ഉദ്യോഗസ്ഥരോടു പറഞ്ഞു. അതിക്രമം നടന്ന വിധവും മുറിയുടെ ഏതുഭാഗത്തുവച്ചാണ് നടന്നതെന്നും വിശദീകരിച്ചു.
നേരത്തെ നൽകിയ മൊഴി പരിശോധിച്ചശേഷമായിരുന്നു സിബിഐയുടെ ചോദ്യങ്ങൾ. മുഴുവൻ ചോദ്യങ്ങൾക്കും പരാതിക്കാരി മറുപടി നൽകി. മുറിയിൽ ചില മാറ്റങ്ങൾ വന്നിട്ടുണ്ടെന്നും അവർ പറഞ്ഞു. മുറിയുടെ വാതിൽ അന്ന് വലിച്ചുനീക്കാവുന്ന തരത്തിലുള്ളതായിരുന്നു. ഇപ്പോഴത് വലിച്ചടയ്ക്കാവുന്ന വിധത്തിലായി. ഫർണിച്ചർ, കട്ടിൽ എന്നിവ കിടന്നിരുന്ന ഇടങ്ങളും വ്യക്തമാക്കി.
നവീകരണപ്രവൃത്തികൾ നടന്നതായി ജീവനക്കാരും ശരിവച്ചു. ഇതോടെ നവീകരണപ്രവൃത്തി നടന്ന സമയം, അവയുടെ വിശദാംശം എന്നിവ ശേഖരിക്കാൻ സിബിഐ തീരുമാനിച്ചു. ജീവനക്കാരുടെ മൊഴിയെടുത്തു;
ഗസ്റ്റ് ഹൗസിലെ രേഖയും
സിബിഐ ഹൈബി ഈഡൻ താമസിച്ച മുറിയിൽ തെളിവെടുത്തത് എംഎൽഎ ഹോസ്റ്റൽ ജീവനക്കാരുടെയും പരാതിക്കാരിയുടെയും മൊഴിയെടുത്തശേഷം. ഹൈബി ഈഡൻ എംഎൽഎ ആയിരുന്നപ്പോൾ സേവനമനുഷ്ഠിച്ചിരുന്ന ജീവനക്കാരെ സിബിഐ രേഖാമൂലം വിളിപ്പിച്ചിരുന്നു. തുടർന്ന് ഇവർ സിബിഐ ഓഫീസിലെത്തി മൊഴി നൽകി. വിവിധ ഘട്ടത്തിലായി പരാതിക്കാരി നൽകിയ മൊഴിയുമായി ജീവനക്കാർ നൽകിയ വിവരങ്ങളും സിബിഐ ഒത്തുനോക്കി. ഇതിനു പുറമെ ആലപ്പുഴ ഗസ്റ്റ് ഹൗസിൽനിന്നും രജിസ്റ്ററിന്റെ പകർപ്പും ശേഖരിച്ചിരുന്നു.















