കൊച്ചി > നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം ആവശ്യപ്പെടാനൊരുങ്ങി അന്വേഷകസംഘം. തെളിവുകളുടെ പരിശോധനയും ചോദ്യം ചെയ്യലും പൂർത്തിയാക്കാനാണിത്. ഹൈക്കോടതിയിൽ അടുത്തദിവസം അപേക്ഷ നൽകും. പതിനെട്ടിനകം തുടരന്വേഷണ റിപ്പോർട്ട് നൽകാനാണ് ഹൈക്കോടതി നിർദേശം.
സംവിധായകൻ ബാലചന്ദ്രകുമാറിനെ ദിലീപിന്റെ സുഹൃത്ത് ശരത്തുമായി ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാൻ ആലോചിക്കുന്നുണ്ട്.
ദിലീപിന്റെ അനുജൻ അനൂപ്, ഭാര്യാസഹോദരൻ സുരാജ് എന്നിവരെയും ബാലചന്ദ്രകുമാറിനൊപ്പമിരുത്തി ചോദ്യം ചെയ്യും. ബാലചന്ദ്രകുമാറിനോട് ബുധനാഴ്ച കൊച്ചിയിൽ എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. കാവ്യ മാധവൻ ദുബായിൽ പോയതിനാൽ ചോദ്യം ചെയ്യലിന് നോട്ടീസ് നൽകാനായിട്ടില്ല. കാവ്യയെയും ദിലീപിനെയും ബാലചന്ദ്രകുമാറിന് ഒപ്പമിരുത്തി ചോദ്യം ചെയ്തേക്കും.
ദിലീപിന്റെ ഫോൺ വിവരങ്ങൾ നശിപ്പിക്കാൻ സഹായിച്ച സൈബർ വിദഗ്ധൻ സായ് ശങ്കർ നൽകിയ വിവരങ്ങളും പരിശോധനയിലാണ്.
ദിലീപ് 12 പേരുമായി നടത്തിയ ഇരുപതിനായിരത്തിലധികം വാട്സാപ് ചാറ്റ് സന്ദേശങ്ങളാണ് സായ് ശങ്കർ നശിപ്പിച്ചത്. നശിപ്പിച്ച വിവരങ്ങളുടെ പകർപ്പ് സായ് ശങ്കർ രഹസ്യമായി സൂക്ഷിച്ചിരുന്നു. ഇത് പൊലീസിന് കൈമാറിയിട്ടുണ്ട്. ഇതിൽ പ്രമുഖ സിനിമ നടിയുമായുള്ള ചാറ്റുകൾ ഉള്ളതായി സൂചനയുണ്ട്. ദിലീപിന് സുപ്രധാന കോടതി രേഖകൾ ലഭിച്ചത് ഈ 12 നമ്പറുകളിൽ ഒന്നിൽനിന്നാണെന്നാണ് കണ്ടെത്തൽ. വിവരങ്ങൾ നശിപ്പിക്കാൻ സായ് ശങ്കർ ഉപയോഗിച്ച കംപ്യൂട്ടറിന്റെ ഫോറൻസിക് പരിശോധനാഫലം ലഭിക്കാനുണ്ട്. സായ് ശങ്കറിന്റെ വിശദ മൊഴിയും രേഖപ്പെടുത്തും.
ദിലീപിന്റെയും മറ്റ് പ്രതികളുടെയും ആറ് മൊബൈൽ ഫോണുകളുടെ ഫോറൻസിക് പരിശോധനാ റിപ്പോർട്ടും പരിശോധിച്ചുവരികയാണ്. നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി പൾസർ സുനി, നടൻ ദിലീപിന് അയച്ച കത്ത് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. കത്തിന്റെ ആധികാരികത ഉറപ്പാക്കാൻ സുനിയുടെ കൈയക്ഷരത്തിന്റെ സാമ്പിൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഈ റിപ്പോർട്ടും ലഭിക്കാനുണ്ട്.