കണ്ണൂർ > പാർടി കോൺഗ്രസിനോട് അനുബന്ധിച്ചുള്ള സെമിനാറിലേക്ക് കോൺഗ്രസ് നേതാവ് കെ വി തോമസിന് സുസ്വാഗതമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സെമിനാറിൽ പങ്കെടുക്കുന്നതിന് ഹൈക്കമാൻഡ് വിലക്ക് ഏർപ്പെടുത്തിയതിനെക്കുറിച്ച് മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കെ വി തോമസ് സെമിനാറിന് വരുമെന്നോ വരില്ലെന്നോ അറിയിച്ചിട്ടില്ല. പാർടി കോൺഗ്രസുമായി ബന്ധപ്പെട്ട പരിപാടികളിലൊന്നും പങ്കെടുക്കേണ്ടെന്ന് ഹൈക്കമാൻഡ് തീരുമാനിച്ചതായാണ് വാർത്ത. ഏതെങ്കിലും കോൺഗ്രസ് നേതാക്കൾ വന്നാൽ അവരെ സ്വാഗതംചെയ്യും. കെ വി തോമസ് എത്തിയാൽ സുസ്വാഗതമായിരിക്കും നൽകുക. വരുന്നവരോട് നല്ലനിലയിൽ സഹകരിക്കും. വരാൻ തയ്യാറുള്ളവരെ പ്രോത്സാഹിപ്പിക്കുകയുംചെയ്യും.
കെ വി തോമസിനെ പാർടിയിലേക്കും സ്വാഗതംചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിന് അത് അദ്ദേഹം തീരുമാനിക്കേണ്ട കാര്യമാണെന്ന് കോടിയേരി പ്രതികരിച്ചു. ഇപ്പോൾ സെമിനാറിലേക്കാണ് ക്ഷണിച്ചിട്ടുള്ളത്. കോൺഗ്രസിന്റെ വിലക്ക് ലംഘിച്ച് വരികയാണെങ്കിൽ അതിന് വലിയ പ്രത്യേകതയുണ്ട്.
അത് അദ്ദേഹം തീരുമാനിക്കേണ്ട കാര്യമാണ്. കെ വി തോമസ് കേന്ദ്രമന്ത്രിയായിരുന്നു. കെ റെയിൽ അടക്കം പല പ്രശ്നങ്ങളിലും അദ്ദേഹം ശരിയായ നിലപാട് എടുത്തിട്ടുണ്ട്. ശശരി തരൂരിനും വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. സിപിഐ എം വിരുദ്ധ നിലപാട് സ്വീകരിച്ച് ബിജെപിയെ തൃപ്തിപ്പെടുത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. സെമിനാറിലെ ചർച്ചയിൽ ഉയരുന്നത് കേന്ദ്രസർക്കാരിനെതിരായ വിമർശനമായിരിക്കും. അപ്പോൾ ബിജെപിക്കെതിരായ സംസാരിക്കേണ്ടിവരും. അതിന് കോൺഗ്രസ് നേതാക്കൾക്ക് സ്വാതന്ത്ര്യമില്ല. അവരുടെ വായ് മൂടിക്കെട്ടിയിരിക്കുകയാണ് – കോടിയേരി പറഞ്ഞു.
മഹാത്മാഗാന്ധി വിചാരിച്ചിട്ടുപോലും കോൺഗ്രസിനെ ശരിയാക്കാൻ കഴിഞ്ഞിട്ടില്ലെന്നും പിന്നെയാണോ സുധാകരനെന്നും കോടിയേരി പ്രതികരിച്ചു. ഒരുകാര്യത്തിലും ഏകീകൃത അഭിപ്രായമോ കൃത്യമായ നിലപാടോ ഇല്ല. കേന്ദ്രീകൃത നേതൃത്വമില്ലാത്ത പാർടിയായി കോൺഗ്രസ് മാറി. അഞ്ചുപേർ കൂടിയാൽ ആറ് ഗ്രൂപ്പാണ്. നാലുപേർ പ്രതികരിച്ചാൽ അഞ്ച് അഭിപ്രായമാകും. ഐഎൻടിയുസിയും കോൺഗ്രസും തമ്മിൽ ഒരു ബന്ധവുമില്ലെന്നു പറയുന്ന വി ഡി സതീശൻ പിന്നെന്തിനാണ് ഐഎൻടിയുസിയിൽ പ്രവർത്തിക്കുന്നതെന്നും കോടിയേരി ചോദിച്ചു.